പാലക്കാട്: പാസില്ലാതെ വരുന്നവരെ അതിർത്തി കടത്തില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞ ശേഷവും അതിർത്തിയിൽ ഇത്തരത്തിലുള്ളവർ എത്തി. വാളയാർ അതിർത്തിയിൽ ഇന്ന് രാവിലെ 30 ലേറെ ആളുകളാണ് എത്തിയത്. ഇവർ അതിർത്തിക്ക് അപ്പുറത്ത് കാത്തിരിക്കുകയാണ്.

പാസില്ലാതെ ഇന്നലെ അതിർത്തിയിൽ എത്തിയവരെ കോയമ്പത്തൂരിലേക്ക് മാറ്റിയിരുന്നു. 15 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഈ തീരുമാനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ലേറെ പേരെയാണ് കോയമ്പത്തൂരിലെ താത്കാലിക ക്യാംപിലേക്ക് മാറ്റി. കോയമ്പത്തൂരിനടുത്ത ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലാണ് ഇവർക്ക് സൗകര്യമൊരുക്കിയത്. 

തമിഴ്നാട് പാസ് അനുവദിക്കുകയും കേരളത്തിലേക്ക് പ്രവേശനാനുമതി കിട്ടാത്തവരുമായ ആളുകളാണ് ഇന്നലെ രാവിലെ മുതൽ അതിർത്തിയിൽ കുടുങ്ങിയത്. യാത്രാനുമതിക്കായി വീണ്ടും അപേക്ഷിച്ച് അനുമതി കിട്ടുന്ന മുറയ്ക്ക് ഇവർക്ക് കേരളത്തിലേക്ക് പ്രവേശിക്കാം. യാത്രാനുമതിയുളളവരെ മാത്രമേ ഇന്ന് മുതൽ പ്രവേശിപ്പിക്കുകയുളളൂ എന്നും അല്ലാത്തവർ അതത് സംസ്ഥാനങ്ങളിൽ തുടരണമെന്നും പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വാളയർ ചെക്പോസ്റ്റിന് 3 കിലോമീറ്റർ പ്രദേശം നിയന്ത്രിത മേഖലയായി മാറ്റിയെന്നും ജില്ല കളക്ടർ അറിയിച്ചു. യാത്രാനുമതിയോടെ 2027 പേരാണ് ശനിയാഴ്ച അതിർത്തി കടന്നെത്തിയത്.