വയനാട്: 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച വയനാട് മക്കി മലയിലെ ദുരിത ബാധിത മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ സഹായം കിട്ടാത്തവർ ഇപ്പോഴുമുണ്ട്. ആദിവാസി വിഭാഗത്തിലുൾപ്പെടുന്നവർക്കും ആശ്വാസ സഹായം ലഭിച്ചിട്ടില്ല.

തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ 2018 ലും 2019ലും പ്രളയം വൻ നാശം വിതച്ചു. ഇരുപതിലധികം കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ മാറേണ്ടിവന്നു. മണ്ണിടിച്ചിലുണ്ടായ മേഖലയിലെ മേലേ തലപ്പുഴകോളനിയിൽ കഴിയുന്നയാണ് വെള്ളച്ചിയുടെ വീടിന് മുകളിലേക്ക് മണ്ണ് വീണു. പക്ഷെ സഹായമൊന്നും കിട്ടിയില്ല. കോളനിവാസിയായ രാജന്‍റെ വീടിനും കേടുപാടുകളുണ്ടായെങ്കിലും സഹായം കിട്ടിയിട്ടില്ല.

സഹായം കിട്ടാത്തവരിൽ ആദിവാസികളും മറ്റുള്ളവരും ഉൾപ്പെടുന്നു. എന്നാൽ 2018ൽ ക്യാംപുകളിൽ കഴിഞ്ഞവർക്ക് മാത്രമാണ് സഹായം നൽകിയതെന്നാണ് അധികൃതരുടെ വാദം. ഫണ്ട് വരാൻ വൈകുന്നതാണ് 2019ലെ അപേക്ഷകളിൽ  സഹായം വൈകുന്നതിന് കാരണമായി മാനന്തവാടി തഹസിൽദാർ  പറയുന്നത്.