വയനാട് കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. 

കൽപറ്റ: വയനാട് കമ്പമലയിലെ വനം വികസന കോര്‍പറേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ ഐ എ. സിപിഐ മാവോയിസ്റ്റ് നേതാവ് സി പി മൊയ്ദീന്‍, സോമന്‍, മനോജ് എന്നിവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. യുഎപിഎ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2023 സെപ്റ്റംബറിലായിരുന്നു കെഎഫ്‍ഡിസി ഓഫീസില്‍ അഞ്ചംഗ സംഘത്തിന്‍റ ആക്രമണം.

വയനാടിനെയാകെ നടുക്കിയ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു വര്‍ഷവും എട്ടുമാസവും നീണ്ട അന്വേഷണത്തിനൊടുവിലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മറ്റി അംഗവും സായുധ വിഭാഗമായ പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ കബനിദളം നേതാവുമായ പാണ്ടിക്കാട് സിപി മൊയ്ദീന്‍, മാവോയിസ്റ്റ് കമാന്‍ഡര്‍ പി.കെ.സോമന്‍, മാവോയിസ്റ്റ ് മനോജ് എന്നിവര്‍ക്കെതിരായണ് കുറ്റപത്രം.

യുഎപിഎ, ആയുധ നിയമം, വന നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം തുടങ്ങിയവയെല്ലാം പ്രതികള്‍ക്കുനേരെ ചുമത്തിയിട്ടുണ്ട്. 2023 സെപ്റ്റംബറിലായിരുന്നു വനം വികസന കോര്‍പറേഷന്‍ ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അഞ്ചംഗ മാവോയിസ്റ്റ് സംഘം അടിച്ചു തകര്‍ത്തത്. 20 മിനിറ്റോളം ഡിവിഷണല്‍ മാനജരെ തടഞ്ഞുവച്ച് സംസാരിക്കുകയും ചെയ്തു.

മാവോയിസ്റ്റ് അനുകൂല മൂദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ ഓഫീസിലെ ഭിത്തിയിലൊട്ടിച്ചാണ് മാവോയിസ്റ്റ് സംഘം കടന്നത്. തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തിയെങ്കിലും ആരെയും ആദ്യഘട്ടത്തില്‍ പിടികൂടിയില്ല. പിന്നീട് കേസ് എന്‍ ഐ ഏറ്റെടുത്തു. അന്വേഷണം തുടരുന്നതിനിടെയാണ് മൂന്ന് പേരും പല സമയങ്ങളിലായി പിടിയിലായത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News