Asianet News MalayalamAsianet News Malayalam

നിലമ്പൂരിൽ രക്ഷപ്പെട്ടു,വൈത്തിരിയിൽ കുടുങ്ങി: സിപി ജലീല്‍ കബനീദളത്തിലെ പ്രമുഖന്‍

കേരളം,കര്‍ണ്ണാടകം,തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍കമ്മറ്റിയില്‍ 4 ദളങ്ങളുണ്ട്. വടക്കൻകേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കബനീദളത്തിന്റെ  പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സി പി ജലീല്‍. വിക്രം ഗൗഡയാണ് ഈ ദളത്തിന്റെ തലവന്‍.

Maoist influence raising in malabar forest
Author
Vythiri, First Published Mar 7, 2019, 5:10 PM IST

വയനാട്: വ്യാഴാഴ്ച്ച രാത്രി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റ് സിപി ജലീല്‍ കബനീദളത്തിലെ പ്രധാന പ്രവര്‍ത്തകനാണ്. രണ്ട് വര്‍ഷം മുന്‍പ് നിലമ്പൂർ കാട്ടിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വെടിവെയ്പ്പ് നടക്കുമ്പോൾ മാവോയിസ്റ്റ് സംഘത്തിൽ ജലീലുമുണ്ടായിരുന്നു എന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. 

കേരളം,കര്‍ണ്ണാടകം,തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍കമ്മറ്റിയില്‍ 4 ദളങ്ങളുണ്ട്. വടക്കൻകേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കബനീദളത്തിന്റെ  പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സി പി ജലീല്‍. വിക്രം ഗൗഡയാണ് ഈ ദളത്തിന്റെ തലവന്‍.

2014 മെയ് 1-നാണ് സിപിഐഎംഎല്‍ നക്സല്‍ ബാരി ഉത്തരേന്ത്യിലും തെലുങ്കാനയിലും മറ്റും പ്രവര്‍ത്തിക്കുന്ന സിപിഐ മാവോയിസ്റ്റില്‍ ലയിച്ച് ആയുധമേന്തിയുള്ള വിപ്ലവപ്രവർത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്. അതേവരെ ജനകീയ പോരാട്ടങ്ങളിലായിരുന്നു സിപിഐ നക്സല്‍ബാരിയുടെ ശ്രദ്ധ. പോരാട്ടം,ആദിവാസി സമരസമിതി എന്നി സംഘടനകളുണ്ടാക്കിയും പിന്തുണ നൽകിയും ഇവർ പൊതുപ്രശ്നങ്ങളിൽ ഇടപെട്ടു. സമീപ കാലത്ത് ക്വാറിസമരങ്ങള്‍ മുന്‍ നിര്‍ത്തി വയനാട് കോഴിക്കോട് ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരുന്നു.

2016 നവംബറില്‍ നിലമ്പൂര്‍ കാട്ടില്‍  കുപ്പുദേവരാജനും അജിതയും കൊലപ്പെട്ടത് പശ്ചിമഘട്ട മാവേോയിസ്റ്റുകള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. അന്ന് വിക്രം ഗൗഡയോടൊപ്പം ജലീലും നിലമ്പൂര്‍ കാട്ടിലുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രചാരണം സജീവമാക്കാനുള്ള സ്ക്വാഡിന്റെ ഭാഗമായിരുന്നു ജലീല്‍. 

ഇതിന്റെ ഭാഗമായാണ് ഇവര്‍ ആദിവാസി കുടിയേറ്റമേഖലകളിലെത്തി നിരന്തരമായി ലഘുലേഖകള്‍ വിതരണം ചെയ്യുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നത്. പശ്ചിമഘട്ടത്തില്‍ വിവിധ ക്വാറികള്‍ക്കെതിരെയുള്ള സമരത്തിലും ഇവർ പങ്കാളികളായിട്ടുണ്ട്. നിലവില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ കേരളത്തിൽ അന്‍പതിലേറെ കേസുകളുണ്ട്. 

2018 ല്‍ വയനാട്ടിലെ മേപ്പാടിയിലടക്കം മാവോയിസ്റ്റുകള്‍ എത്തിയതായി വ്യക്തമായിരുന്നു. പക്ഷെ നിലമ്പൂര്‍ കാട്ടിലെ കൊലകള്‍ സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തില്‍ പേരിന് മാത്രം തിരച്ചില്‍ നടത്തി നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു തണ്ടര്‍ ബോള്‍ട്ട്. 
അട്ടപ്പാടി,പുതുപാട്ടി,തിരുനെല്ലി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇപ്പോഴും മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുണ്ടെന്നാണ് ഇന്റലിജെന്റിസിന്റെ കണ്ടെത്തല്‍. 

നിലമ്പൂരിലെ തിരിച്ചടിക്ക് ശേഷം ഗറില്ലാ സേനകളെ ശക്തിപ്പെടുത്താന്‍ മാവോയിസ്റ്റ് നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർദേശങ്ങൾ പലതവണ പുതുക്കി കേഡർമാർക്ക് അയച്ചിട്ടുണ്ട്. നിലമ്പൂരിലെ വെടിവെപ്പിന് ശേഷം മാവോയിസ്റ്റുകളുടെ പ്രവർത്തന മേഖല പരസ്പരം മാറ്റിയിരുന്നു. ന​ഗരങ്ങളിൽ പ്രവർത്തിക്കാനായി അർബ്ബൻ സ്ക്വാഡും രൂപീകരിച്ചിരുന്നു. തൊഴിലാളികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമിടയില്‍ സ്വാധീനമുറപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് എല്ലാ മാവോയിസ്റ്റുകള്‍ക്കും ലഭിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios