Asianet News MalayalamAsianet News Malayalam

എൻഐഎ കോടതിക്ക് മുന്നിൽ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ച് ആന്ധ്രയിൽ നിന്നുള്ള മാവോയിസ്റ്റുകൾ

കൊച്ചിയിലെ എൻഐഎ കോടതിക്ക് മുന്നിൽ എടക്കരയിൽ മാവോയിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുദ്രാവാക്യം മുഴക്കി

Maoist slogan raised at NIA court in Kochi
Author
Malappuram, First Published Nov 3, 2021, 1:52 PM IST

കൊച്ചി: എൻ ഐ എ കോടതിക്ക് മുന്നിൽ മാവോയിസ്റ്റ് മുദ്രാവാക്യം വിളി. കൊച്ചിയിലെ എൻഐഎ കോടതിക്ക് മുന്നിലാണ് എടക്കരയിൽ മാവോയിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുദ്രാവാക്യം മുഴക്കിയത്. എടക്കരയില്‍ മാവോയിസ്റ്റ് പരീശിലന ക്യാമ്പ് സംഘടിപ്പിച്ച കേസിലാണ് തമിഴ്നാട്ടുകാരി ശുഭക്കൊപ്പം ഇവരെ കോടതിയില്‍ കൊണ്ടു വന്നത്. മുദ്രാവാക്യം വിളി തുടര്‍ന്നതോടെ  പൊലീസ്  ഇവരെ ഉടൻ കോടതിക്കുള്ളിലേക്ക് കയറ്റി. പൊലീസ് ഉടൻ ഇടപെട്ട് പ്രതികളെ കോടതിയിലേക്ക് മാറ്റി. എടക്കര കേസിൽ ഹാജരാക്കാനാണ് ഇരുവരെയും കോടതിയിലെത്തിച്ചത്.

2016 സെപ്തംബറിലാണ് എടക്കരയില്‍ മാവോയിസ്റ്റ് ക്യാമ്പ് നടന്നത്. സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ക്യാംപ്. ക്യാംപില്‍ സായുധ പരിശീലനത്തിനു പുറമെ പതാക ഉയര്‍ത്തലും പഠന ക്ലാസുകളും നടന്നു. നിലമ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് എഫ്.ഐ.ആറില്‍ പറയുന്ന പശീലനകേന്ദ്രം. ഈ വര്‍ഷം ഓഗസ്റ്റ് 20നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.  ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചിരുന്ന കേസാണ് എൻഐഎ ഏറ്റെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും യുഎപിഎ നിയമം 1967 പ്രകാരവുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ഓഗസ്റ്റ് 19 ലെ ഉത്തരവ് പ്രകാരം എൻഐഎ കേസ് ഏറ്റെടുത്തത്.  2017 സെപ്തംബർ 30 നാണ് എടക്കര പൊലീസ് 19 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ഈ ക്യാംപുമായി ബന്ധപ്പെട്ട് കേസെടുത്തതത്. പിന്നീടാണ് ഈ കേസ് കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്കും അവിടെ നിന്ന് എൻഐഎ സംഘത്തിലേക്കും എത്തിയത്.
 

Follow Us:
Download App:
  • android
  • ios