Asianet News MalayalamAsianet News Malayalam

ശബരിമല കയറിയ ബിന്ദുവും കനകദുര്‍ഗയും മാഗസിനില്‍; നിരോധിച്ച് കോളേജ് പ്രിന്‍സിപ്പല്‍

ഒരു ലേഖനത്തില്‍, ബിന്ദുവിനെയും കനകദുര്‍ഗയെയും നവോത്ഥാന നായികമാരെന്ന് വിശേഷിപ്പിക്കുന്നുവെന്നാണ് കോളേജ് മാഗസിന് നേരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇതെല്ലാം തള്ളി മാഗസിന്‍ എഡിറ്റോറിയല്‍ അംഗങ്ങള്‍ രംഗത്തെത്തി. 

mar athanasius college withdrawn controversial magazine
Author
Kochi, First Published Jul 25, 2019, 4:24 PM IST

കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനെയും കനകദുര്‍ഗയെയും പരാമര്‍ശിച്ചതിന്‍റെ പേരില്‍ വിവാദമായ കോളേജ് മാഗസിന്‍ പിന്‍വലിച്ചു. മാര്‍ അത്തനേഷ്യസ്  കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ 2017 - 2018 ലെ മാഗസിനാണ് പിന്‍വലിച്ചത്. മാഗസിനില്‍ വന്നിരിക്കുന്ന ചില പരാമര്‍ശങ്ങള്‍ കോളേജിന്‍റെ ആശയങ്ങള്‍ക്കും കാഴ്ടപ്പാടുകള്‍ക്കും നിരക്കാത്തതായതിനാല്‍ മാഗസിന്‍ പിന്‍വലിക്കുന്നുവെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ഡോ. മാത്യു കെ ഉത്തരവ് പുറത്തിറക്കി. 

ഒരു ലേഖനത്തില്‍, ബിന്ദുവിനെയും കനകദുര്‍ഗയെയും നവോത്ഥാന നായികമാരെന്ന് വിശേഷിപ്പിക്കുന്നുവെന്നാണ് കോളേജ് മാഗസിന് നേരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇതെല്ലാം തള്ളി മാഗസിന്‍ എഡിറ്റോറിയല്‍ അംഗങ്ങള്‍ രംഗത്തെത്തി.  

''നാലുമാസം മുമ്പ്, കഴിഞ്ഞ അധ്യയന വര്‍ഷം പുറത്തിറങ്ങിയതാണ് മാഗസിന്‍. ബിന്ദുവിന്‍റെയും കനകദുര്‍ഗയുടെയും ചിത്രം വച്ചതുകൊണ്ട് അവരെ നവോത്ഥാന നായികമാരെന്ന് മാഗസിനില്‍ എവിടെയും പറഞ്ഞിട്ടില്ല. വിഷയമല്ലാത്തതുകൊണ്ട് വിഷയമുണ്ടാക്കുകയാണ് സംഘപരിവാരുകാര്‍. വാക്കുകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല'' - മാഗസിന്‍ സബ് എഡിറ്റര്‍ ഋത്വിക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മാഗസിന്‍ ഇതുവരെ കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. അവരത് വായിച്ചിട്ടുമുണ്ട്. ഇനി കോളേജ് ഒപ്പമില്ലാത്തതിനാല്‍ തങ്ങളുടെ പേരില്‍ മാഗസിന്‍ പ്രസിദ്ധീകരിക്കുമെന്നും ഋത്വിക് പ്രതികരിച്ചു. അതേസമയം കോളേജ് പ്രിന്‍സിപ്പലുമായി ഓഫീസ് നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. 

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മാഗസിനെതിരെ ഹിന്ദു ഐക്യവേദി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹൈന്ദവ സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ചുനടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാഗസിന്‍ പിന്‍വലിച്ചത്. 

ആനകേറാമല ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസിന്‍, മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിട്ട 'മീശ' നോവലിനും ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.  

Follow Us:
Download App:
  • android
  • ios