കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദീകരണവുമായി കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ സർക്കുലർ. അതിരൂപതയുടെ പൊതുനൻമയെക്കരുതിയാണ് സഭാ സ്വത്തുക്കൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സഹായമെത്രാൻമാരെ നീക്കിയത് വത്തിക്കാൻ ആണെന്നും പുതിയ മെത്രാൻമാരെ ഉടൻ നിയമിക്കുമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്.

ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ വായിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറിലാണ് വിവിധ വിഷയങ്ങളില്‍ കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി വിശദീകരണം നല്‍കിയിരിക്കുന്നത്. ഭൂമിവില്‍പനയിലൂടെ അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സഭയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നവരെ വിശ്വാസികൾ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുത്. 

സഹായമെത്രാൻമാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും ചുമതലകളിൽ നിന്ന് പുറത്താക്കിയത് വത്തിക്കാൻ തീരുമാന പ്രകാരമാണ്. മാർപാപ്പയില്‍ നിന്നും വിവിധ ഇടങ്ങളിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്‍റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. രൂപതയുടെ പ്രവർത്തനത്തിന് പുതിയ മെത്രാനെ വൈകാതെ നിയമിക്കാനാകുമെന്നും സർക്കുലറില്‍ പറഞ്ഞിട്ടുണ്ട്. 

അതേസമയം, ക‍ർദിനാളിനെതിരായ വ്യാജരേഖാ കേസിൽ കൂടുതൽ പേർക്കെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വ്യാജ ബാങ്ക്അക്കൗണ്ട് രേഖകൾ ഉണ്ടാക്കാൻ പ്രതി ആദിത്യനെ സഹായിച്ച വിഷ്ണു റോയിയെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്. തൃക്കാക്കരയിലെ വീട്ടിൽവെച്ചാണ് കര്‍ദിനാളിന്‍റെ പേരിൽ ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ വ്യാജഅക്കൗണ്ട് രേഖകളുണ്ടാക്കിയതെന്നാണ് വിഷ്ണു റോയിയുടെ മൊഴി.