തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായ ഇദ്ദേഹം 2007 ൽ ചുമതലകൾ ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു. 2007 വരെ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച അദ്ദേഹം തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പുമാണ്. ഭൗതിക ദേഹം ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും.
മാർ തൂങ്കുഴിയുടെ ആഗ്രഹപ്രകാരം സംസ്കാരം
മാർ തൂങ്കുഴിയുടെ ആഗ്രഹപ്രകാരം സംസ്കാര ചടങ്ങുകൾ നടത്തും. തൃശ്ശൂർ ലൂർദ് പള്ളിയിൽ പ്രാർത്ഥന ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10 മണിയോടെ പൂർത്തിയാക്കും. തുടർന്ന് അദ്ദേഹം സ്ഥാപിച്ച ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ ആസ്ഥാനമായ കോഴിക്കോടേക്ക് കൊണ്ടു പോകും. ഉച്ചതിരിഞ്ഞ് അവിടെയായിരിക്കും സംസ്കാരം.
1930 ഡിസംബർ 13 ന് പാലായിൽ ജനിച്ച മാർ തൂങ്കുഴി 1973 മാർച്ച് ഒന്നിന് മാനന്തവാടി രൂപതയുടെ ആദ്യമെത്രാനായി സ്ഥാനം ഏറ്റു. 22 വർഷമാണ് മാനന്തവാടി രൂപതയെ നയിച്ചത്.പിന്നീട് താമരശ്ശേരി രൂപതയുടെ മെത്രാനായി . 1997 ഫെബ്രുവരി 15നാണ് തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി ചുമതല ഏറ്റത്. 2007 മാർച്ച് 18ന് 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് വിരമിച്ചു. തുടർന്ന് കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി, ജ്യോതി എഞ്ചിനീയറിങ് കോളേജ്, ഒട്ടേറെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും സ്ഥാപകനായിരുന്നു അദ്ദേഹം. സിറോ മലബാർ സിനഡ് , സിബിസിഐ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.



