കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയത് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെ എന്ന് വെളിപ്പെടുത്തില്‍. കോടതി ഉത്തരവുണ്ടായാല്‍ ഫ്ളാറ്റുകള്‍ ഒഴിയേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ക്ക് നഗരസഭ നിര്‍മ്മാണ അനുമതി നല്‍കിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായി. 

ഫ്ളാറ്റ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നഗരസഭ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൈവശവകാശരേഖ കൈമാറിയത്.  കെട്ടിട്ടം എപ്പോള്‍ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ കെട്ടിട്ടം നിര്‍മ്മിച്ചതും അത് വിറ്റതും.  

ജെയിന്‍, ആല്‍ഫ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാണ് മരട് നഗരസഭ മേല്‍പ്പറഞ്ഞ രീതിയില്‍ യുഎ നമ്പര്‍ കൈമാറിയത്. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിട്ടങ്ങള്‍ക്കാണ് യുഎ നമ്പര്‍ നല്‍കുന്നത്. യുഎ നമ്പര്‍ നല്‍കിയിരിക്കുന്ന കെട്ടിട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ചു കളയാന്‍ സാധിക്കും.  ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പര്‍ നല്‍കിയിരിക്കുന്നത്. 

തീരദേശസംരക്ഷണനിയമം ലംഘിച്ചതിനെ തുടര്‍ന്ന് മരട് നഗരസഭ നേരത്തെ തന്നെ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബില്‍ഡര്‍മാര്‍ കോടതിയില്‍ നിന്നും കിട്ടിയ ഇടക്കാല വിധിയുടെ ബലത്തിലാണ് ഫ്ളാറ്റുകളുടെ നിര്‍‍മ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പര്‍ നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നല്‍കിയത്. കൈവശാവാകാശ രേഖകളിലടക്കം ഇക്കാര്യം നഗരസഭ വ്യക്തമായി പറയുന്നുമുണ്ട്. 

തങ്ങളുടെ ഫ്ലാറ്റുകള്‍ക്ക് എന്തെങ്കിലും നിയമപ്രശ്നം ഉള്ളതായി കെട്ടിട്ടനിര്‍മ്മാതാക്കള്‍ ഒരിക്കല്‍ പോലും അറിയിച്ചിട്ടില്ലെന്ന് താമസക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വച്ചാണ് ബില്‍ഡര്‍മാര്‍ ഫ്ളാറ്റുകള്‍ താമസക്കാര്‍ക്ക് വിറ്റത് എന്ന സത്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.