കൊച്ചി: മരട് ഫ്ലാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എറണാകുളം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാനെ കൊല്ലം അഡിഷണൽ എസ് പി യായി സ്ഥലം മാറ്റി. ഫ്ലാറ്റ് അഴിമതി കേസ് അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് സ്ഥാന കയറ്റം നൽകി പുതിയ ചുമതല നൽകിയത്. 

സിപിഎം നേതാവ് കെഎ ദേവസി അടക്കമുള്ളവരുടെ പങ്കിലാണ് ഇപ്പോൾ അന്വേഷണം തുടരുന്നത്. കൊച്ചി ബ്യുട്ടി പാർലർ വെടിവെപ്പ് കേസ്, എടയാർ സ്വർണ കവർച്ച എന്നീ കേസുകളിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയത് ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

മരട് ഫ്ലാറ്റ് അഴിമതി കേസിൽ ഇതുവരെ ഫ്ലാറ്റ് നിർമാതാക്കളായ രണ്ട് പേരും, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ക്ലർക്ക് ജയറാം, ജൂനിയർ സൂപ്രണ്ട് പിഇ ജോസഫ്  എന്നിവരടക്കം  അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ രഹസ്യ മൊഴിയിലും സിപിഎം നേതാവ് കെഎ ദേവസിയ്ക്കെതിരെ തെളിവുകളുണ്ട്.