Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകൾ നാളെ പൊളിക്കും; ഇന്ന് മോക്ക് ഡ്രിൽ, സ്ഫോടന സമയത്ത് നിരോധനാജ്ഞ

നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും.

maradu flat demolition mock drill friday
Author
Kochi, First Published Jan 10, 2020, 5:18 AM IST

കൊച്ചി: കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നാളെ പൊളിച്ചുതുടങ്ങും. ഹോളിഫെയ്ത്തും എച്ച്ടുഒവും ആല്‍ഫയുടെ ഇരട്ട ടവറുകളുമാണ് നാളെ പൊളിക്കുന്നത്. ഇതിന് മുന്നോടിയായുളള മോക് ഡ്രില്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. നിയന്ത്രിത സ്ഫോടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ ചീഫ് സെക്രട്ടറി എല്ലാം സജ്ജമെന്ന് അറിയിച്ചു.

നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്‍റെ 200 മീറ്റർ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഫ്ലാറ്റുകളുടെ പരിസരത്ത് പൊലീസും അഗ്നിശമനസേനയും മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിക്കില്ല. നാളെ രാവിലെ ഒമ്പത് മണിക്കുമുമ്പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

ആല്‍ഫാ സെറീൻ ഫ്ലാറ്റിന് സമീപം വിള്ളല്‍ കണ്ടെത്തിയ മതപഠനകേന്ദ്രത്തിലുണ്ടായിരുന്ന 43 കുട്ടികളെയും രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ചു. ഇതിനോടകം തന്നെ ഫ്ലാറ്റുകള്‍ക്ക് സമീപത്ത് നിന്നും പലരും വീടൊഴിഞ്ഞ് പോയിട്ടുണ്ട്.

സമീപവാസികള്‍ രണ്ടര മണിക്കൂർ മുമ്പെങ്കിലും സ്വയം ഒഴിഞ്ഞ് പോകണം

മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് സമീപത്തുള്ളവർ രണ്ടര മണിക്കൂർ മുമ്പെങ്കിലും സ്വയം ഒഴിഞ്ഞ് പോകണമെന്നാണ് മരട് നഗരസഭയുടെ നിർദ്ദേശം. സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിക്കും.

ഹോളിഫെയ്ത്തും ആൽഫ സെറീനും പൊളിക്കുന്ന പതിനൊന്നിന് 200 മീറ്റ‌ർ ചുറ്റളവിലുള്ള താമസക്കാരും വാണിജ്യ സ്ഥാപനങ്ങളിലുള്ളവരും രാവിലെ ഒൻപത് മണിക്ക് മുമ്പേ സ്വയം ഒഴിഞ്ഞു പോകണം. രണ്ടാം ദിവസം ജെയിൻ കോറൽ കോവിന് ചുറ്റുമുള്ളവർ രാവിലെ ഒൻപത് മണിക്ക് മുമ്പും ഗോൾഡൻ കായലോരത്തിനു സമീപത്തുള്ളവർ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുമ്പും ഒഴിഞ്ഞു പോകണം. ഒഴിഞ്ഞ് പോകുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടക്കണം.

എയർ കണ്ടീഷണറുകൾ സ്വിച്ച് ഓഫ് ചെയ്യണം. എല്ലാ വൈദ്യുത ഉപകരണങ്ങളുടെയും ബന്ധം വിച്ഛേദിക്കുകയും മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും വേണം. ഉപകരണങ്ങളിലേക്ക് വൈദ്യുതി പോകുന്ന ബോർഡിലെ പവർ പോയിൻറ് ഓഫാക്കാൻ മറക്കരുത്. വളർത്ത് മൃഗങ്ങളെ കെട്ടിടങ്ങൾക്കുള്ളിലാക്കുകയോ കൂടുകൾ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം. കിടപ്പുരോഗികളെയും വയോജനങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. തേവര എസ് എച്ച് കോളേജ്, പനങ്ങാട് ഫഷറീസ് കോളേജ് എന്നിവിടങ്ങളിൽ താൽക്കാലിക സുരക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജീവനിൽ കൊതിയുള്ളതിനാൽ മനസില്ലാ മനസോടെയാണെങ്കിലും ഇതംഗീകരിക്കാനാണ് പ്രദേശ വാസികളുടെ തീരുമാനം. സുരക്ഷക്കായി 2000 പൊലീസുകാരെയാണ് സ്ഫോടന ദിവസം വിന്യസിക്കുക. പ്രദേശ വാസികളെല്ലാം ഒഴിഞ്ഞു പോയിട്ടുണ്ടോയെന്ന് ഒൻപതു മണിക്ക് ശേഷം പൊലീസ് ഓരോ വീടുകളിലും കയറി പരിശോധിക്കും. അരമണിക്കൂർ മുമ്പ് ഫ്ലാറ്റുകളിലേക്കുള്ള ഇടറോഡുകളിലെ ഗതാഗതവും തടയും. സ്ഫോടന ശേഷം ഏറ്റവും എളുപ്പത്തിൽ എത്താൻ കഴിയുന്ന വിധത്തിൽ ആംബുലൻസുകളും ഫയർ എഞ്ചിനുകളുമുണ്ടാകും.

Follow Us:
Download App:
  • android
  • ios