കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റാനുള്ള സർക്കാർ ഉത്തരവും തുടർനടപടികളും ചർച്ച ചെയ്യാൻ മരട് നഗരസഭയിലെ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരും. പ്രശ്നം ചർച്ച ചെയ്യാൻ കൗൺസിൽ വിളിച്ചുകൂട്ടുന്നതടക്കമുള്ള തീരുമാനങ്ങൾ യോഗം കൈക്കൊള്ളും.

കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് സർക്കാർ കത്ത് നൽകിയത്. എന്നാൽ ഒറ്റയ്ക്ക് പൊളിച്ചുനീക്കൽ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് നഗരസഭ. ഇത് സർക്കാരിനെ അറിയിക്കാനാണ് നഗരസഭയുടെ തീരുമാനം.

ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ ചർച്ച ചെയ്യാനാണ് അടിയന്തര സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗം വിളിച്ച് ചേർക്കുന്നത്. പൊതുമരാമത്തടക്കമുള്ള 6 സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരാണ് യോഗത്തിൽ പങ്കെടുക്കുക. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൗൺസിൽ യോഗം വിളിച്ച് കൂട്ടാൻ ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും.

കൗൺസിൽ തീരുമാന പ്രകാരമായിരിക്കും വിഷയത്തിൽ തുടർനടപടികൾ ഉണ്ടാവുക. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യ പ്രശ്നവും ഭൂരിഭാഗം വരുന്ന ആളുകളുടെ പുനരധിവാസവുമാണ് നഗരസഭയുടെ ആശങ്ക. നേരത്തെ സമാനമായ നിയമലംഘനം നടത്തിയ ഫ്ലാറ്റുകൾക്ക് ഇളവ് കൊടുത്ത അനുഭവവും മുന്നിലുണ്ടെന്ന് നഗരസഭാ അധികൃതർ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി സർക്കാറിന് നൽകിയ അന്ത്യശാസനം.