എറണാകുളം: മരട് ഫ്ലാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധവുമായി വീണ്ടും പരിസരവാസികൾ. ആൽഫ സെറിൻ ഫ്ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടർന്ന് പരിസരത്തെ വീടിന് വിള്ളൽ വീണു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ചെയർപേഴ്‍സണ്‍ എത്തി പൊളിക്കൽ നിർത്തിവെപ്പിച്ചു.

ആൽഫ സെറിൻ ഇരട്ട കെട്ടിടത്തിന് സമീപത്തെ താമസക്കാരിയായ ഹർഷമ്മയുടെ വീട്ടിന് സമീപത്തേക്കാണ് ഫ്ളാറ്റുകളിൽ നിന്നും ചുവരുകളുടെ അവശിഷ്ടം തെറിച്ചുവീണത്. കഴിഞ്ഞ ദിവസം ഇവരുടെ പേരക്കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫ്ളാറ്റുകളിൽ നിന്നും ചുവരുകളുടെ അവശിഷ്ടം മുറ്റത്തേക്ക് തെറിച്ചുവീണത്. ഇന്ന് രാവിലെ ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂളിനോട് ചേർന്ന ഇരുനില കെട്ടിട്ടം നിലപതിച്ചപ്പോൾ വീടിനും വിള്ളൽ വീണെന്നാണ് പരാതി.

മരട് ഫ്ലാറ്റ് ജനുവരി 11ന് പൊളിക്കും; 61.5 കോടി നഷ്ടപരിഹാരം നൽകിയെന്ന് സർക്കാർ സുപ്രീംകോടതിയില്‍

സുപ്രീം കോടതി പൊളിച്ച് നീക്കാൻ നിർദ്ദേശിച്ച നാല് പാർപ്പിട സമുച്ഛയത്തിൽ ഏറ്റവും അധികം  അധികം  ആൾപ്പാർപ്പുള്ളത് ആൽഫ സെറിൻ ഇരട്ടകെട്ടിടത്തിന് സമീപമാണ്. 47 വീടുകളാണ് ആകെയുള്ളത്. ഇതിൽ 13 വീടുകൾ 15 മീറ്റർ ചുറ്റളവിലാണ്. ഈ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുൻപ് ഇൻഷുറൻസ് സുരക്ഷയടക്കം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പക്ഷെ ഈ നടപടികളൊന്നും ഇതുവരെയായിട്ടില്ല. 

പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലം സന്ദർശിക്കാൻ നഗരസഭ ചെയർപേഴ്സനടക്കമുള്ളവരെത്തി. തുടർന്നാണ് സ്വിമ്മിംഗ് പൂൾ കെട്ടിടം പൊളിക്കുന്നത് നിർത്തിവെച്ചത്. പൂർണ്ണ സുരക്ഷ ഉറപ്പാക്കാതെ കെട്ടിടങ്ങള്‍ പൊളിക്കൽ തുടർന്നാൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് പരിസരവാസികളുടെ മുന്നറിയിപ്പ്.