Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റ് ഉടമകൾ നിയമാനുസൃതമായ വഴി തേടണമെന്ന് വി മുരളീധരൻ

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാറിന് നൽകിയ അന്ത്യശാസനം. 

Maradu flat issue flat owners should legally move V Muraleedharan
Author
Kochi, First Published Sep 10, 2019, 10:04 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫ്ലാറ്റ് ഉടമകൾ നിയമാനുസൃതമായ വഴി തേടണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നിയമത്തിനു വിധേയമായി ഫ്ലാറ്റ് ഉടമകളെ സഹായിക്കാൻ സാധിക്കുമെങ്കിൽ കേന്ദ്രസർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാറിന് നൽകിയ അന്ത്യശാസനം. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ഇന്നലെ മരടിലെ ഫ്ലാറ്റുകളിൽ സന്ദർശനം നടത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് ഫ്ലാറ്റുകള്‍ സന്ദർശിച്ചതിന് ശേഷം ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ഉടമകൾക്ക് നഗരസഭ ഇന്ന് നോട്ടീസ് നൽകും. തീരദേശപരിപാലന ചട്ടം ലംഘിച്ചാണ് ഫ്ലാറ്റുകളുടെ നിർമ്മാണമെന്നും അതിനാൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്നും സ്വമേധയാ ഒഴിഞ്ഞുപോകണമെന്നുമാകും നോട്ടീസിൽ ഉണ്ടാകുക. ഇതാദ്യമായിട്ടാണ് ഫ്ലാറ്റുകളിലെ ഉടമകൾക്ക് നഗരസഭ ഒദ്യോഗികമായി നോട്ടീസ് നൽകുന്നത്. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുക എന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് മരട് നഗരസഭ ചെയർപേഴ്സൺ ടി എച്ച് നദീറയും വ്യക്തമാക്കിയിരുന്നു.  

നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ മറ്റൊരു ഹർജിയുമായി സമീപിക്കാന്‍ ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ ആലോചിച്ചുവരുകയാണ്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. ഫ്ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവ‌ർ.

അപ്പാർട്മെന്‍റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചിട്ടില്ലെന്നും സ‌ർക്കാരും ന​ഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നൽകുന്നില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും സർക്കാർ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഫ്ലാറ്റ് ഉടമകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സർക്കാരിന്‍റെ ഉത്തരവാദിത്തമല്ലേയെന്ന് മരട് ഭവന സംരക്ഷണ സമിതി കത്തിൽ ആരാഞ്ഞു.
 

Follow Us:
Download App:
  • android
  • ios