Asianet News MalayalamAsianet News Malayalam

ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും; മരടിൽ ഇനിയെന്ത് ?

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഒഴിയണമെന്നായിരുന്നു അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടുള്ള ന​ഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.

maradu flat issue intensifies as eviction date nears
Author
Maradu, First Published Sep 14, 2019, 7:09 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള നോട്ടീസ് കാലാവധി അവസാനിക്കാനിരിക്കെ ഫ്ലാറ്റ് ഉടമകൾ ഇന്ന് നഗരസഭാ ഓഫീസിനു മുന്നിൽ സമരം തുടങ്ങും. രാവിലെ 10 മണി മുതൽ ആണ് സമരം. സമരത്തിന് പിന്തുണയുമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ചും നടക്കും. ഈമാസം 20നകം പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട നാല് സമുച്ഛയങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സന്ദർശിക്കും. 

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഒഴിയണമെന്നായിരുന്നു അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടുള്ള ന​ഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. ഫ്ലാറ്റുകൾ ഒഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുടുംബങ്ങൾ.

അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഒപ്പം ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയയും സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫ്ലാറ്റുടമകൾ. ചൊവ്വാഴ്ചയോടെ ഈ ഹർജിയും ഫയൽ ചെയ്യുന്നതിനാണ് തീരുമാനം. ഈ ഹർജികളിൽ തീർ‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ലാറ്റുടമകൾ അറിയിച്ചു.

താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്ലാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് നഗരസഭ. കെട്ടിടം പൊളിക്കാൻ വിദഗ്ധരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. 

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം ഫ്ലാറ്റുകൾ സന്ദർശിച്ച ചീഫ് സെക്രട്ടറി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ ന​ഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ നഗരസഭാ കൗണ്‍സില്‍ യോഗം ചേർന്ന് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികൾ ന​ഗരസഭ കൈക്കൊള്ളുകയായിരുന്നു.

ന​ഗരസഭ നോട്ടീസ് നൽകിയതിനെതിരെ മരടിലെ ഫ്ലാറ്റ് ഉടമകൾ തിരുവോണനാളിൽ നിരാഹാര സമരം നടത്തിയിരുന്നു.  ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജിയും ഹൈക്കോടതിയിൽ റിട്ടും ഫ്ലാറ്റ് ഉടമകൾ ഫയൽ ചെയ്തു. മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്ലാറ്റുടമകൾ സങ്കട ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios