Asianet News MalayalamAsianet News Malayalam

മരട്: ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള മൂന്നംഗസമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. 

Maradu flat owners gets more time to produce ownership documents
Author
Kochi, First Published Oct 10, 2019, 6:30 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. കൊച്ചിയിൽ ചേർന്ന ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടേതാണ് തീരുമാനം. നഗരസഭയിൽ  ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും  വിൽപ്പന കരാർ ഹാജരാക്കുന്നവർക്കും  നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്ന് സമിതി അറിയിച്ചു. നഗരസഭയിലെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റാത്ത ഉടമകൾക്ക് വിൽപ്പന കരാർ രേഖ ഹാജരാക്കിയാലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നാണ് കൊച്ചിയിൽ ആദ്യ യോഗം ചേർന്ന് സമിതി അറിയിച്ചത്.  നിർമ്മാതാക്കൾക്ക് എത്ര രൂപയാണ് ഫ്ലാറ്റിനായി നൽകിയതെന്ന് വ്യക്തമാകാൻ യഥാർത്ഥ വില ഉൾക്കൊള്ളിച്ച് ഓരോ ഫ്ലാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പിഡബ്ല്യുഡി മുൻ ചീഫ് എഞ്ചിനീയർ ആർ മുരുകേശൻ എന്നിവരാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.   241 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് നഗരസഭ നേരത്തെ  സർക്കാരിന് നൽകിയ പട്ടികയിലുണ്ട്. 135 ഫ്ലാറ്റുടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വിൽപ്പന കരാറും നഗരസഭയിൽ ഹാജരാക്കിയിരുന്നു. 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണ്. ഈ മാസം 14 ന് സമിതി വീണ്ടും യോഗം ചേരുമ്പോൾ പ്രമാണവും വിലയും സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മരട് മുനിസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകി. 

ഇതിനിടെ മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ചോദ്യം ചെയ്തു. അഷറഫ് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലത്താണ് മരടിൽ നാല് ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയിരുന്നത്. ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നുള്ള വിദഗ്ധൻ ശരത് ബി സർവ്വാതെ ഇന്ന് വൈകീട്ട് കൊച്ചിയിൽ എത്തിയിട്ടുണ്ട്. നാളെ സബ്കളക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പൊളിക്കുന്നതിനുള്ള കമ്പനികളേയും തീരുമാനിക്കും.


 

Follow Us:
Download App:
  • android
  • ios