കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ 
ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ഉന്നയിക്കും. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തൽസ്ഥിതി തുരണമെന്നുമാണ് ഹർജിയിലെ ആവശ്യം. എന്നാൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഫ്ലാറ്റ് ഉടമകളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുമോയെന്ന് നിയമവൃത്തങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 
 
സർവ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസംങ്ങളിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചെങ്കിലും കുടിയൊഴിപ്പിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാൽ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
 
അതേസമയം ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യമറിയിച്ച് 13 കമ്പനികൾ എത്തിയെങ്കിലും സുപ്രീംകോടതിയുടെ തീരുമാനം വരുന്നത് വരെ ടെണ്ടർ നടപടികൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാനാണ് നഗരസഭയുടെ തീരുമാനം. താത്പര്യപത്രം നൽകിയ കമ്പനികളുടെ യോഗ്യതയാകും അടുത്ത ഘട്ടത്തിൽ പരിഗണിക്കുക. ഇക്കാര്യങ്ങളെല്ലാം സർക്കാരിനെ ക്കൂടി അറിയിച്ച് മുന്നോട്ട് പോകാനാണ് മരട് നഗരസഭയുടെ തീരുമാനം. ഇതുകൂടാതെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള നടപടികൾ ചീഫ് സെക്രട്ടറി അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ അറിയിക്കും.