സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്റിക് ക്ലാസന്‍, അനുവാദമില്ലാതെ തന്റെ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരാധകന് കര്‍ശന താക്കീത് നല്‍കി.
ഹൈദരാബാദ്: തന്റെ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന് കര്‍ശന താക്കീത് നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്റിക് ക്ലാസന്‍. കുടുംബത്തോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കുന്നതിനിടെ അനുവാദമില്ലാതെ വീഡിയോ എടുത്ത വ്യക്തിയോട് താരം ക്ഷോഭിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ലാസന്‍ ആദ്യം ശാന്തനായാണ് പ്രതികരിച്ചത്. ''ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ, ഇത് ചെയ്യരുത്. ദയവായി ഇവിടെ നിന്ന് പോകണം, നന്ദി. ഫോട്ടോ എടുക്കരുത്.'' എന്ന് ക്ലാസന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ക്യാമറ താഴ്ത്തിപ്പിടിച്ച് വീണ്ടും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ താരം പ്രകോപിതനായി. ''ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കൂ, നിര്‍ത്തു. ഇത് എന്റെ കുടുംബമാണ്. അതുകൊണ്ട് ക്യാമറ മാറ്റി വെക്കൂ.'' എന്ന് അദ്ദേഹം കടുപ്പത്തില്‍ പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടു.
സ്വകാര്യതയെച്ചൊല്ലി ചര്‍ച്ചകള്‍
വീഡിയോ പ്രചരിച്ചതോടെ കായികതാരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആരാധകര്‍ അതിരുകടക്കുന്നതിനെതിരെ വലിയൊരു വിഭാഗം ക്ലാസനെ പിന്തുണച്ച് രംഗത്തെത്തി. പ്രശസ്തരാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ സ്വകാര്യത നല്‍കണമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്ലാസന്‍, കുടുംബത്തിന് കൂടുതല്‍ സമയം നല്‍കുന്നതിനായാണ് ഇത്തരം തീരുമാനങ്ങള്‍ എടുത്തതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
തകര്‍പ്പന്‍ ഫോമില്‍
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനായി ക്ലാസന്‍ തന്റെ മികച്ച ഫോം തുടരുകയാണ്. 9 മത്സരങ്ങളില്‍ നിന്ന് 59.14 ശരാശരിയില്‍ 414 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ടീമിലെ സഹതാരം അഭിഷേക് ശര്‍മ്മയാണ് നിലവില്‍ ഒന്നാമത്. 157.41 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ക്ലാസന്‍ ഹൈദരാബാദിന്റെ കുതിപ്പില്‍ പ്രധാന പങ്കുവഹിക്കുന്നു.

