കൊച്ചി: തീരദേശ പരിപാല നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ എച്ച്2ഒ ഫ്ലാറ്റ് ഇന്ന് തകർക്കും. ഇന്ത്യയില്‍ ഇത് വരെ സ്ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ പതിനൊന്ന് നിലയുള്ള ഫ്ലാറ്റ് സമുച്ചയാണ്. അത് കൊണ്ട് തന്നെ 19 നിലയുളള എച്ച് ടു ഓ ഹോളിഫെയ്ത്ത് പൊളിക്കുമ്പോള്‍ പുതിയ ചരിത്രം കൂടി പിറക്കും. വളരെ സുരക്ഷിതമായി പൊളിക്കുമെന്ന് വിദഗ്ദര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കണക്ക് കൂട്ടലുകള്‍ പിഴച്ച ദൗത്യങ്ങളും ചരിത്രത്തിലുണ്ട്.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന് കരാറെടുത്ത എഡിഫൈസ് എന്‍ജിനീയറിംഗിന്‍റ കണ്‍സല്ട്ടന്റാണ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ്ഡിമോളിഷന്‍സ് എന്ന കമ്പനി. കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിൽ വിദഗ്ദര്‍. 2009ല്‍ ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന് കെട്ടിടം പൊളിച്ചതാണ് അടുത്ത കാലത്ത് ഇവര്‍ ഏറ്റെടുത്ത ഏറ്റവും വലിയ ഓപ്പറേഷന്‍.

ഈ പശ്ചാത്തലത്തിലാണ് വളരെ സുരക്ഷിതമായി മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമെന്ന വിദഗ്ദരുടെഅവകാശവാദം. രാജ്യത്ത് ഇത് വരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈ മൗലിവാക്കത്തെയാണ്. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് ഈ പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്. ഈ റെക്കോര്‍ഡ് ഇനി 19 നിലകളുള്ള എച്ച് ടു ഓ ഹോളിഫെയ്ത്ത് ഫ്ലാറ്റിന് സ്വന്തമാകും

രാജ്യന്തര തലത്തിൽ ഇതിനേക്കാള്‍ കൂറ്റന്‍ കെട്ടിടങ്ങൾ സ്ഫോടനങ്ങളിലൂടെ തകര്‍ത്തിട്ടുണ്ട്. 707 അടിയുള്ള ന്യൂയോർക്കിലെ 270 പാര്‍ക് അവന്യൂവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള സൗത്ത് പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്ത്തത് 10 സെക്കന്‍റിനുള്ളില്‍.

എന്നാല്‍ വിജയങ്ങള്‍ക്കൊപ്പം കണക്ക് കൂട്ടലുകള്‍ പിഴച്ച പൊളിക്കലുകളും ചരിത്രത്തിലുണ്ട്. ഒരോന്നിനും ഒരോ കാരണങ്ങള്‍ ആണെന്ന് മാത്രം.