Asianet News MalayalamAsianet News Malayalam

കൊവിഡ് ഫലം ഇല്ലാതെ ജയിലിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ; റിമാൻഡ് പ്രതികളുമായി 'വട്ടംചുറ്റി' പൊലീസ്

കൊവിഡ് പരിശോധനാ ഫലം വരുന്നത് വരെ റിമാൻഡ് പ്രതികളുമായി കറക്കമല്ലാതെ മറ്റൊരു വഴിയും മാരാരിക്കുളം പൊലീസിനില്ല. സാമൂഹിക അകലം പാലിക്കാൻ സ്കൂൾ ബസ് സംഘടിപ്പിച്ചാണ് പൊലീസിന്‍റെ യാത്ര.

mararikulam police in trouble with remand accused after jail dgp s order
Author
Alappuzha, First Published May 18, 2020, 3:28 PM IST

ആലപ്പുഴ: കള്ളവാറ്റ് പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാതെ നെട്ടോട്ടത്തിലാണ് ആലപ്പുഴ മാരാരിക്കുളം പൊലീസ്. റിമാൻഡ് ചെയ്തിട്ടും കൊവിഡ് പരിശോധനാ ഫലം ഇല്ലാത്തിനാൽ പ്രതികളെ പ്രവേശിപ്പിക്കാൻ ജയിൽ അധികൃതർ തയ്യാറായില്ല. ജയിൽ മേധാവിയുടെ സർക്കുലർ ചൂണ്ടിക്കാട്ടിയാണ് നടപടി.

കള്ളവാറ്റ് കേസിൽ അറസ്റ്റിലായ നാല് പ്രതികളെ കൊണ്ടാണ് മാരാരിക്കുളം പൊലീസിന്‍റെ കറക്കം. ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ ജയിലിൽ സ്ഥലം ഇല്ലാത്തതിനാൽ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. എന്നാൽ കൊവിഡ് പരിശോധനാ ഫലം ഇല്ലെന്ന കാരണത്തിൽ പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചില്ല. ഇന്ന് രാവിലെ വീണ്ടും മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ എത്തിച്ചെങ്കിലും ഒരിക്കൽ റിമാൻഡ് ചെയ്ത പ്രതികളെ ജയിലിൽ അടയ്ക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്ന് കോടതി നിലപാടെടുത്തു. 

ഇതോടെ കുരുക്കിലായ പൊലീസ്, പ്രതികളുമായി കളക്ടറെ സമീപിച്ചു. കൊവിഡ് പരിശോധനയ്ക്ക് അനുമതി വാങ്ങിയ ശേഷം സ്രവ പരിശോധനയ്ക്കായി വീണ്ടും കറക്കം. സാമൂഹിക അകലം പാലിക്കാൻ സ്കൂൾ ബസ് സംഘടിപ്പിച്ചാണ് പൊലീസിന്‍റെ യാത്ര. ഇനി കൊവിഡ് പരിശോധനാ ഫലം വരുന്നത് വരെ റിമാൻഡ് പ്രതികളുമായി കറക്കമല്ലാതെ മറ്റൊരു വഴിയും മാരാരിക്കുളം പൊലീസിനില്ല. പരിശോധന ഫലം നിർബന്ധമാക്കിയ ജയിൽ മേധാവിയുടെ സർക്കുലറാണ് തിരിച്ചടിയായത്.

Follow Us:
Download App:
  • android
  • ios