ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കര കടുത്ത പ്രതിസന്ധിയിലാണ്. കരിമ്പ് കൃഷി 2000 ഏക്കറിൽ നിന്ന് 500 ഏക്കറായി ചുരുങ്ങി. വിപണിയിൽ വ്യാജ ശർക്കര വ്യാപകമായതും സർക്കാർ പദ്ധതികൾ കടലാസിലൊതുങ്ങിയതും കർഷകർക്ക് തിരിച്ചടിയായി.

ഇടുക്കി: ഭൗമസൂചിക പദവിയുളള മറയൂർ ശർക്കരയ്ക്ക് ഇത് പ്രതിസന്ധി കാലമാണ്. വൻതോതിൽ മറയൂരിലെ കരിമ്പ് പാടങ്ങൾ നികത്തിപ്പോകുന്നതും വിപണിയിൽ വ്യാജ ശർക്കര സുലഭമായതും തിരിച്ചടിയെന്നാണ് ഉത്പാദകർ പറയുന്നത്. മറയൂരിൽ 2000 ഏക്കറിലധികം ഉണ്ടായിരുന്ന കരിമ്പ് കൃഷി 500 ഏക്കറിലേക്ക് ചുരുങ്ങിയെന്നാണ് കണക്ക്.

വിളഞ്ഞ കിടക്കുന്ന കരിമ്പു പാടങ്ങളും ശർക്കരയുടെ സുഗന്ധവുമൊക്കെ മായുകയാണ് മറയൂരിലും സമീപത്തും. വന്യമൃഗ ശല്യത്തിൻ്റെ പേരിൽ കരിമ്പിന് പകരം മറ്റ് വിളകൾക്ക് വഴിമാറിയായിരുന്നു തുടക്കം. കവുങ്ങും തെങ്ങുമൊക്കെ പലരും വച്ചുതുടങ്ങി. പതുക്കെ റിസോർട്ടുകൾക്കും കെട്ടിടങ്ങൾക്കും വഴിമാറി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 120 ഹെക്ടർ ഭൂമി ഇത്തരത്തിൽ തരംമാറിയെന്നാണ് മറയൂർ , കാന്തല്ലൂർ വില്ലേജുകളിലെ കണക്ക്. അതായത് 150ലേറെ പുതിയ ഹോംസ്റ്റേകളുൾക്ക് കരിമ്പ് പാടങ്ങൾ വഴിമാറിയെന്ന് ചുരുക്കം. ഇതിൻ്റെ പ്രതിഫലനം മറയൂർ ശർക്കരയിലുമുണ്ട്. കരിമ്പ് കൃഷി കുറ‍ഞ്ഞതോടെ ശർക്കര നിർമ്മിക്കുന്ന ആലകൾ പൂട്ടിപ്പോയി. വിപണിയിൽ വ്യാജൻ സുലഭമായി. മറയൂരിൻ്റെ പേര് നിലനിർത്താൻ മാത്രം ശർക്കര ഉത്പാദിപ്പിക്കാൻ ഈ നാട് നിർബന്ധിതമായി.

കർഷകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ മേൽനോട്ടത്തിൽ പ്രഖ്യാപിച്ച വികേന്ദ്രീകൃത സംസ്കരണ യൂണിറ്റ് ഇപ്പോഴും കടലാസിൽ മാത്രമാണ്. കരിമ്പ് കർഷകർക്ക് ധനസഹായവും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരവും കണ്ടില്ലെങ്കിൽ ശേഷിക്കുന്ന കൃഷിയും പതുക്കെ ഇല്ലാതായേക്കും.

YouTube video player