പാവങ്ങളുടെ പിച്ച ചട്ടിയിൽ നിന്ന് സർക്കാർ കൈയിട്ട് വരുന്നത് എന്തിനാണ്?; മുഴുവൻ പെന്‍ഷനും തരണമെന്ന് മറിയക്കുട്ടി
നവകേരള യാത്രയ്ക്ക് മുന്നോടിയായി പെന്‍ഷന്‍ തുകയുടെ കുടിശ്ശിക മുഴുവന്‍ നല്‍കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.

തിരുവനന്തപുരം: പെന്‍ഷന്‍ കുടിശ്ശിക മുഴുവനും തരണമെന്ന് മറിയക്കുട്ടി. നവകേരള യാത്രയ്ക്ക് മുന്നോടിയായി പെന്‍ഷന്‍ തുകയുടെ കുടിശ്ശിക മുഴുവന്‍ നല്‍കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. പാവങ്ങളുടെ പിച്ച ചട്ടിയിൽ നിന്ന് സർക്കാർ കൈയിട്ട് വരുന്നത് എന്തിനാണെന്നും ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച മറിയക്കുട്ടി ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. ദേശാഭിമാനിക്കെതിരെ മാനനഷ്ടത്തിന് കേസുമായി മുന്നോട് പോകുമെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ യാചിച്ചിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്.
ഇതിനിടെ, സിപിഎം പ്രവർത്തകർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തി. സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞു. ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു.