മാർക്ക് ദാനം വഴി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങും. ഇന്ന് ചേർന്ന അടിയന്തര സിൻഡിക്കേറ്റിന്റെതാണ് തീരുമാനം. 

തിരുവനന്തപുരം: എം ജി സർവ്വകലാശാലയിലെ വിവാദ മാർക്ക് ദാനം പിൻവലിച്ചു. മാർക്ക് ദാനം വഴി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങും. പ്രോ വൈസ് ചാൻസലർ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അടിയന്തര സിൻഡിക്കേറ്റാണ് തീരുമാനമെടുത്തത്.

മാർക്ക് ദാനത്തിൽ സർക്കാർ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ച് എം ജി സർവ്വകലാശാല തലയൂരിയത്. ബിടെക്ക് അവസാന സെമസ്റ്ററിലെ ഒരു പേപ്പറിന് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകാനായിരുന്നു വിവാദ തീരുമാനം. സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് വൻ മാർക്ക് ദാനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. 

കോതമംഗലം കോളേജിലെ ബിടെക്ക് വിദ്യാർത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കോതമംഗലത്തെ ബിടെക്ക് വിദ്യാര്‍ത്ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷയില്‍ എന്‍എസ്എസ് സ്കീമിന്‍റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കൽ എൻഎസ്എസ്സിന്‍റെ മാർക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

Read Also:എം ജി സർവകലാശാലയിലും കെ ടി ജലീലിന്‍റെ 'മാർക്ക് ദാനം', ആരോപണവുമായി ചെന്നിത്തല

എന്നാല്‍ 2019 ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ കെ ടി ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്തെന്നാണ് ചെന്നിത്തല പറയുന്നത്. 

Read Also: മാർക്ക് ദാനത്തിൽ സർക്കാർ പ്രതിരോധത്തിൽ; എതിർപ്പുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍