Asianet News MalayalamAsianet News Malayalam

എം ജി സർവകലാശാലയിലും കെ ടി ജലീലിന്‍റെ 'മാർക്ക് ദാനം', ആരോപണവുമായി ചെന്നിത്തല

2019-ൽ എം ജി സർവകലാശാലയിൽ നടന്ന അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. ഇത് ചട്ടവിരുദ്ധമാണ്. ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല. 

Ramesh Chennithala says K T Jaleel helped a student to get extra marks
Author
Trivandrum, First Published Oct 14, 2019, 12:09 PM IST

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് വൻ മാർക്ക് ദാനം നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോതമംഗലം കോളേജിലെ ബിടെക്ക് വിദ്യാർത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലത്തെ ബിടെക്ക് വിദ്യാര്‍ത്ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷയില്‍ എന്‍എസ്എസ് സ്കീമിന്‍റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കൽ എൻഎസ്എസ്സിന്‍റെ മാർക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ 2019 ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ കെ ടി  ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തെന്ന് ചെന്നിത്തല പറഞ്ഞു. അദാലത്തില്‍ മാര്‍ക്ക് കൂട്ടി കൊടുക്കാനുള്ള അനുവാദമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇത് സിന്‍ഡിക്കേറ്റില്‍ വയ്ക്കാൻ തീരുമാനിച്ചു. മാര്‍ക്കുദാനം നടത്താന്‍ സര്‍വ്വകലാശാല നിയമം അനുവദിക്കുന്നില്ലെന്ന് സിന്‍ഡിക്കേറ്റില്‍ ചൂണ്ടികാണിച്ചപ്പോള്‍ റെഗുലര്‍ സിന്‍ഡിക്കേറ്റിന്‍റെ അജണ്ടയില്‍ വെക്കാതെ ഔട്ട് ഓഫ് അജണ്ടയായിട്ട് ഈ വിഷയം വച്ച് ഒളിച്ചു കളിച്ചു.

 സിൻഡിക്കേറ്റിലെ ഇടത് പക്ഷ അനുഭാവികൾ ഒരു കുട്ടിക്ക് മാത്രമായി മാർക്ക് കൂട്ടി നൽകരുതെന്ന് വാദിച്ചു. ഈ കുട്ടിക്ക് മാര്‍ക്ക് കൂട്ടിയിട്ടാല്‍ മറ്റ് പല വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് കൂട്ടിയിടണമെന്നായിരുന്നു കോട്ടയം എജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അനുഭാവികള്‍ അന്ന് ഉന്നയിച്ച വാദം. തുടര്‍‌ന്ന് സര്‍വ്വകലാശാല ഇതേവരെ നടത്തിയിട്ടുള്ള ബിടെക്ക് പരീക്ഷകളിൽ എല്ലാ സെമസ്റ്ററുകളിലുമായി ഒരു വിഷയത്തില്‍ മാത്രം തോറ്റ കുട്ടികള്‍ക്ക് നിലവിലുള്ള മോഡറേഷന് പുറമേ പരമാവധി അഞ്ച് മാര്‍ക്ക് കൂടി കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതിനായി ഇടപെട്ടത് കെ ടി ജലീലാണെന്നതിന് തെളിവുണ്ട്. ഫെബ്രുവരിയിലെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൂടാതെ മന്ത്രി രാജി വെച്ച് മാറിനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പച്ചക്കള്ളമെന്ന് ജലീൽ, വിഷയദാരിദ്ര്യമെന്ന് കോടിയേരി

തന്നെക്കുറിച്ച് ചെന്നിത്തല ഉയർത്തുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ്  ജലീല്‍ പറയുന്നത്. ആരോപണങ്ങള്‍ക്ക് ചെന്നിത്തല തെളിവ് നല്‍കണം.യൂണിവേഴ്സിറ്റിയില്‍ കാര്യങ്ങള്‍ നടക്കുന്നത് വൈസ് ചാന്‍സിലറുടെ അധ്യക്ഷതിയലാണ്. നിയമവിരുദ്ധമായി സിന്‍ഡിക്കേറ്റിനോ വൈസ് ചാന്‍സിലറക്കോ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. എന്തെങ്കിലും അനധികൃതമായി നടന്നിട്ടുണ്ടെങ്കില്‍ കോടതിയില്‍ ചോദ്യംചെയ്പ്പെടുകയും തീരുമാനം റദ്ദാക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഓരോ സര്‍വ്വകലാശാലയിലും ഓരോ സിന്‍ഡിക്കേറ്റ് മീറ്റിങ്ങിലും എന്തൊക്കെ തീരുമാനം എടുക്കുന്നു എന്ന് മന്ത്രി അറിയേണ്ടതില്ല. വൈസ് ചാന്‍സിലര്‍ എല്ലാ സിന്‍ഡിക്കേറ്റ് മീറ്റിങ്ങിലും അധ്യക്ഷത വഹിക്കുന്ന ആളാണ്. സിന്‍ഡിക്കേറ്റ് എടുക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിയും അദ്ദേഹമാണെന്നും ജലീല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് വേറെ വിഷയമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കാന്‍ സൗകര്യമുണ്ടെന്നും ഇതിന് ആര്‍ക്കും എതിര്‍പ്പില്ലെന്നും കോടിയേരി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios