മുംബൈ: കൊവിഡ് ബാധിതനാണെന്നും ജീവന്‍ നഷ്ടപ്പെടുമെന്നും ഭാര്യയെും വീട്ടുകാരെയും പറഞ്ഞ് പറ്റിച്ച് കാമുകിയുമായി നാട് വിട്ട യുവാവിനെ പൊലീസ് പൊക്കി. നവി മുംബൈയിലാണ് സംഭവം. കഴിഞ്ഞ ജൂണ്‍ 24നാണ് നവി മുംബൈയില്‍ മുംബൈയിലെ ജെഎൻ‌പി‌ടിയിൽ സൂപ്പർവൈസർ ആയി ജോലി നോക്കുകയായിരുന്ന മനീഷ് മിശ്ര ഭാര്യയെ പറ്റിച്ച് കാമുകിയുമായി നാട് വിട്ടത്.

തനിക്ക് കൊറോണ പൊസിറ്റീവ് ആയെന്നും   ജീവന്‍ തിരിച്ച് കിട്ടില്ലെന്നും ഭാര്യയെും വീട്ടുകാരെയും ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മനീഷ് നാട് വിടുകയായിരുന്നു. ഫോണ്‍ വന്ന ശേഷം പിറ്റേ ദിവസവും മനീഷ് നാട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷ് വീട്ടുകാരെ പറ്റിച്ച് മുങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. പരാതി കിട്ടിയതോടെ മിശ്രയെ കണ്ടെത്താൻ പോലീസ് ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിനുമുമ്പ് അവസാനമായി ഉപയോഗിച്ചത് വാശിയിലാണെണെന്ന് കണ്ടെത്തി. തുടര്‍ന്ന് അവിടെ നടത്തിയ അന്വേഷണത്തില്‍ മനീഷിന്‍റെ ബൈക്കും താക്കോലും ജോലിസ്ഥലത്തേക്ക് കൊണ്ടുപോയ ബാക്ക്പാക്കും ഹെൽമെറ്റും ലഭിച്ചു.

ആദ്യം അത്മഹത്യയാണെന്ന് കരുതി പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വാശി നദീതീരത്ത് പരിശോധന നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല. മനീഷ്  ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, അതിനാൽ ഞങ്ങൾ അന്വേഷണം തുടര്‍ന്നു- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മനീഷിനായി മുംബൈയിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മനീഷിന്‍റെ ഫോട്ടോ മറ്റ് സംസ്ഥാനങ്ങളിലേക്കും നല്‍കി അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കവെയാണ് എയ്‌റോളിയിലെ ഒരു ചെക്ക് പോയിന്‍റിലെ സിസിടിവിയില്‍ മനീഷ് കുടുങ്ങി.  

മനീഷ് ഒരു സ്ത്രീയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത് മുംബൈ പൊലീസ്  ഇൻസ്പെക്ടർ സഞ്ജയ് ധുമാൽ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷ് മിശ്ര ഇൻഡോറിൽ കാമുകിയൊത്ത് താമസിക്കുന്നതായി  പൊലീസ് കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മനീഷിനെ കയ്യോടെ പൊക്കി നവി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.