മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നു.
വയനാട്: വയനാട് സ്വദേശി ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പിന്നാലെ ഭാര്യ രേഷ്മ ജീവനൊടുക്കിയതും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നത്. ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും അമ്മമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി.
ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുൻപും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പത്ത് വയസ്സുള്ള മകളെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും കുടുംബം ആശങ്ക അറിയിക്കുന്നു. ഇതിനിടെ മധു ഉൾപ്പെടുന്ന സംഘം സാമ്പത്തിക ഇടപാടിൽ താമരശ്ശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നു.
