കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയെ അന്യായമായി ക്രൂശിച്ചുവെന്നും കള്ളക്കേസ് ഉണ്ടാക്കി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകർത്തുവെന്നും ചാണ്ടി ഉമ്മൻ
കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയെ അന്യായമായി ക്രൂശിച്ചുവെന്നും കള്ളക്കേസ് ഉണ്ടാക്കി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകർത്തുവെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുവരെയും ഉമ്മൻചാണ്ടിക്കും നീതി കൊടുത്തിട്ടില്ല. ഉമ്മൻചാണ്ടിക്ക് നീതി കൊടുത്തില്ലെന്ന് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ല. കോൺഗ്രസ്സിന്റെ ശൈലി അത് അല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിണറായി വിജയനെതിരായ കേസ് നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇഡി പലസ്ഥലത്തും രാഷ്ട്രീയമായ വേട്ടയാടൽ നടത്തുന്നുണ്ട്. പിണറായിക്കെതിരെ അങ്ങനെയൊരു വേട്ടയാടൽ ഉണ്ടാകാൻ പാടില്ല. കോടതിയിലെ എജിയുടെ നിലപാട് സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അത് പറയേണ്ടിടത്ത് പറയും. പരസ്യമായി പറയില്ല. പാർട്ടിക്ക് അകത്തു പറയും. ആളുകൾ പലരും കേസ് സെറ്റിൽ ചെയ്യുന്നു എന്ന് പറയുന്നുണ്ട്. ഇങ്ങനെ ആക്ഷേപം ഉയരുമ്പോൾ കൂടുതൽ സത്വരമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. ഇല്ലെങ്കിൽ ആക്ഷേപങ്ങൾ നേരിടുന്നതിൽ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


