പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ്. ഇവരെ ചോദ്യം ചെയ്യാൻ പോലും ഇഡി തയ്യാറാകുന്നില്ലെന്നും വിമര്‍ശനം.

ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം

മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും ഗോവിന്ദൻ വിമര്‍ശിച്ചു. പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി കോൺഗ്രസ് ഡീലാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.

മാസപ്പടി കേസിൽ ഇഡിയുടെ അടുത്ത ലക്ഷ്യം

മൂന്ന് വർഷമായി കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസിലാണ് അസാധാരണ ട്വിസ്റ്റ്. അഴിമതി കേസിൽ പിണറായിക്കെതിരെ അന്വേഷണത്തിന് ഇഡിക്ക് എഫ്ഐആ‌ർ ആവശ്യമാണ്. അത് കൊണ്ടാണ് സംസ്ഥാന ഏജൻസിയെ കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമം. സാങ്കേതികമായി അന്വേഷണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരിക്കാമെങ്കിലും ഇഡി നീക്കം ഉണ്ടാക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ്. രാജ്യത്തെ തന്നെ പ്രമുഖ സിപിഎം നേതാവിനെതിരെ കേസ് മുറുക്കാൻ കോൺഗ്രസ് സർക്കാരിൻ്റെ സഹായം. ദേശീയ അന്വേഷണ ഏജൻസികൾ വഴി രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്ന് ഇന്ത്യാ സംഖ്യ പ്രചാരണത്തിൻ്റെ മുനയൊടിക്കാൻ ബിജെപിക്ക് കിട്ടുന്ന മികച്ച അവസരം. രാഹുൽ ഗാന്ധിക്ക് പോലും ഇഡിക്കെതിരെ മിണ്ടാൻ പറ്റാത്ത സാഹചര്യമാകും. മാത്രമല്ല കോൺഗ്രസ് ബിജെപി ഡീൽ ഉയർത്തി പിണറായിക്ക് പ്രതിരോധവും കോൺഗ്രസ്സിനെതിരെ കടന്നാക്രമണവും നടത്തും സിപിഎം. കേസെടുത്താൽ മാത്രമല്ല എടുത്തില്ലെങ്കിലും സതീശൻ സർക്കാറിന് പ്രതിസന്ധി. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മാസപ്പടി കേസ് പിണറായിക്കെതിരെ ശക്തമായി ഉയർത്തിയതാണ് കോൺഗ്രസ്. കേസെടുക്കാനുള്ള സുവർണ്ണാവസരം വന്നിട്ടും കൈവിട്ടാൽ അണികളോട് എന്ത് പറയുമെന്നത് പ്രശ്നം. സിപിഎം കോൺഗ്രസ് ഡീൽ ആക്ഷേപം ബിജെപി കടുപ്പിക്കും.