മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും നൽകിയ ഹർജി സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് നാളെ പരിഗണിക്കും. കും.
കൊച്ചി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ വാദം നാളെ. ഹർജികൾ പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജി പരിഗണിക്കുക. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ എത്തിയത്.
ആരോപണവിധേയരെ കേൾക്കാതെയുള്ള സിംഗൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് കാട്ടി അപ്പീൽ നല്കിയെങ്കിലും ഇതിൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായിില്ല.ഇതെ തുടർന്നാണ് അപ്പീലുമായി സുപ്രീംകോടതിയിൽ എത്തിയത്. 82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് വെള്ളിയാഴ്ച്ച തന്നെ പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസിൽ വാദം കേൾക്കുന്നത് പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി. തുടർന്നാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് ലിസ്റ്റ് പുറത്തിറക്കിയത്. ആന്ധ്രയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് YSR കോൺഗ്രസ് നൽകിയ ഹർജിയും സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. കേസിൽ കേന്ദ്രസർക്കാരിൻറെ അഭിഭാഷകരും നേരിട്ട് ഹാജരായേക്കും. ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് നിർണ്ണായകമാകും.


