കൈക്കൂലി-ഹവാല ആരോപണങ്ങളിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചു. ഏത് യൂണിറ്റിൽ കേസെടുക്കണം എന്നതിലും തീരുമാനം വന്നേക്കും.
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. ഏത് യൂണിറ്റിൽ കേസെടുക്കണമെന്നതിൽ ഇന്ന് തീരുമാനമാകും.
സര്‍ക്കാര്‍ അപ്പീൽ പോകില്ല
മാസപ്പടിയിൽ കേസെടുക്കമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കില്ല. കോടതി നിര്‍ദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും കേസെടുക്കാൻ കോടതി ഉത്തരവിട്ടത് എൽഡിഎഫിനും തിരിച്ചടിയാണ്. ഇഡി സമർപ്പിച്ച വിവരങ്ങളിൽ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. എസ്ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.


