കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേരള തീരത്തെ ഇന്ത്യൻ കൂന്തലുകളുടെ സങ്കീർണ്ണമായ പ്രത്യുൽപാദന രീതികൾ വെളിപ്പെടുത്തി. കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ എന്നിവ ഇവയിൽ സാധാരണമാണെന്ന് പഠനം കണ്ടെത്തി. തീരക്കടൽ കൂന്തലുകളിൽ ഇതാദ്യമായാണ് ഇത്തരം സ്വഭാവം രേഖപ്പെടുത്തുന്നത്.
കൊച്ചി: കേരള തീരത്തോട് ചേർന്ന് വ്യാപകമായി കാണപ്പെടുന്ന കൂന്തലുകളുടെ (ഇന്ത്യൻ സ്‌ക്വിഡ്- യുറോറ്റിയൂത്തിയസ് ഡുവോസെലി) വിചിത്രവും സങ്കീർണ്ണവുമായ പ്രത്യുൽപാദന രീതികൾ വെളിപ്പെടുത്തി സിഎംഎഫ്ആർഐ പഠനം. കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒരേ സമയം ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ എന്നിവ ഈ കൂന്തലുകളിൽ സാധാരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കുറഞ്ഞ പ്രായത്തിലുള്ള പ്രജനനം, ഒന്നിലധികം തവണകളായുള്ള ഇണചേരൽ, ബീജസംഭരണം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഈ കൂന്തലുകൾക്കുള്ളതായി കണ്ടെത്തി.

സിഎംഎഫ്ആർഐയിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ ഡോ ഗീത ശശികുമാർ, ഡോ കെ കെ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. കൊച്ചി തീരത്തോട് ചേർന്നുള്ള മേഖലയിൽ നിന്ന് ശേഖരിച്ച കൂന്തലുകളിലാണ് പഠനം നടത്തിയത്. വർഷത്തിൽ എല്ലാ മാസവും ഇണചേരുമെങ്കിലും ഒക്ടോബറിലാണ് ഏറ്റവും കൂടുതലായി നടക്കുന്നത്. ആറ് മാസം ആയുസ്സുള്ള ഇവ മൂന്ന് മാസം മുതൽ ഇണചേരാൻ തുടങ്ങും. ഗവേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ച 232 പെൺകൂന്തലുകളിൽ 40 ശതമാനത്തിന്റെയും ശരീരത്തിൽ ബീജനിക്ഷേപം കണ്ടെത്തി.
മിക്കവയിലും ഉയർന്ന തോതിലുള്ള ബീജനിക്ഷേപമുള്ളതിനാൽ മുട്ടയിടുന്നതിന് മുൻപ് ഇവ ഒന്നിലധികം ആൺകൂന്തലുകളുമായി ഇണചേരുന്നു എന്ന വ്യക്തമായി. മാത്രമല്ല, ഇത്തരം ബീജനിക്ഷേപം ആൺകൂന്തലുകളുടെ ശരീരത്തിലും കണ്ടെത്തിയതോടെ ഇവ സ്വവർഗ ഇണചേരൽ നടത്തുന്നതായും തെളിഞ്ഞു. മുമ്പ്, ഇന്ത്യക്ക് പുറത്ത് ആഴക്കടൽ കൂന്തലുകളിൽ ഇത്തരം സ്വവർഗ്ഗ ലൈംഗിക പെരുമാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിലെ വെളിച്ചമില്ലായ്മയാകാം ഇതിന് കാരണമാകുന്നതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ നിഗമനം. സമാനമായ പെരുമാറ്റം ഡോൾഫിനുകളിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, തീരക്കടൽ കൂന്തൽ ഇനത്തിൽ ഇത്തരം പെരുമാറ്റം കണ്ടെത്തുന്നത് ഇതാദ്യമായാണ്.
രാജ്യാന്തര ശാസ്ത്ര ജേണലായ 'ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി'യിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സമുദ്രവിഭവങ്ങളിലൊന്നായ കൂന്തലുകളുടെപ്രജനന വ്യവസ്ഥയെക്കുറിച്ചുള്ള ഈ കണ്ടെത്തൽ മത്സ്യലഭ്യത വിലയിരുത്തുന്നതിനും, ഫലപ്രദമായ സംരക്ഷണ-പരിപാലന മാർഗ്ഗങ്ങൾ രൂപീകരിക്കുന്നതിനും ഏറെ സഹായകരമാകും. കൂന്തൽ പ്രജനന ചക്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരാൻ ഇവയുടെ പെരുമാറ്റത്തെയും ശരീരശാസ്ത്രത്തെയും കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ പറഞ്ഞു.


