Asianet News MalayalamAsianet News Malayalam

കുർബാന ഏകീകരണം; സിനഡിനെതിരെ വൈദികർ, കർദ്ദിനാളിന്റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്നും പ്രഖ്യാപനം

25 വർഷമായി തുടരുന്ന ഐക്യം തടഞ്ഞത് സിനഡ് മെത്രന്മാർ ആണെന്ന് വൈദികർ ആരോപിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വൈദികർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

mass uniformity priests against the ernakulam angamaly synod
Author
Cochin, First Published Aug 28, 2021, 5:12 PM IST

കൊച്ചി: കുർബാന ഏകീകരണത്തില്‍ എറണാകുളം അങ്കമാലി അതിരൂപത സിനഡിനെതിരെ വൈദികർ രം​ഗത്ത്.  25 വർഷമായി തുടരുന്ന ഐക്യം തടഞ്ഞത് സിനഡ് മെത്രന്മാർ ആണെന്ന് വൈദികർ ആരോപിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വൈദികർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

കുർബാന ഏകീകരിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും അത് ക്രൈസ്തവ ധർമ്മത്തിനെതിരാണെന്നും വൈദികർ പറയുന്നു. ഇതിനെതിരെ പ്രമേയം പാസ്സാക്കിയെന്നും വൈദികർ അറിയിച്ചു. കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്നും വൈദികർ പറഞ്ഞു. വൈദികർ പ്രതിഷേധവുമായി ബിഷപ് ആന്റണി കരിയിലിനെ കണ്ട ശേഷം മാധ്യമങ്ങളോട് കാര്യങ്ങൾ തുറന്നടിച്ച് പറയുകയായിരുന്നു.  

അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് ഇടയലേഖനം പറയുന്നത്. ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം പറയുന്നു. സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും. 

നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ചെയ്യുന്നത്. ഇനി മുതൽ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമാകും, പ്രധാനഭാഗം പൂർണ്ണമായി അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യം കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios