അരൂരിൽ ദിവസങ്ങളായി നിലച്ച ജല വിതരണത്തിന് കാരണം കണ്ടെത്തി. റോഡരികിലെ പൈപ്പിനുള്ളിൽ വളർന്ന കൂറ്റൻ ആൽമരത്തിന്റെ വേരാണ് വെള്ളം തടസ്സപ്പെടുത്തിയത്. വേര് നീക്കം ചെയ്തതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.

കൊച്ചി: ദിവസങ്ങളായി കുടിവെള്ളം ലഭിക്കാതെ വലഞ്ഞതോടെയാണ് വീട്ടുകാർ പൈപ്പ് നന്നാക്കാനായി ആളെ വിളിച്ചത്. പരിശോധിച്ചപ്പോൾ പൈപ്പിനുള്ളിലേക്ക് കയറി വളർന്ന ആൽ മരത്തിന്റെ കൂറ്റൻ വേരാണ് കണ്ടെത്തിയത്. ഈ വേരായിരുന്നു ജല വിതരണം തടസ്സപ്പെടുത്തിയത്. അരൂർ കോട്ടപ്പുറം പുത്തലത്ത് ഭാഗത്തുള്ള വീടുകളിലാണ് സംഭവം. നാല് ദിവസം മുൻപ് ജല വിതരണം പെട്ടെന്ന് നിലച്ചതോടെ പുത്തലത്ത് ജോസഫിന്റേതുൾപ്പെടെ സമീപത്തുള്ള അഞ്ചോളം വീടുകൾ പ്രതിസന്ധിയിലായി. ആദ്യം സാധാരണ തകരാറായിരിക്കാമെന്ന് കരുതിയിരുന്നെങ്കിലും, അറ്റകുറ്റപ്പണിക്ക് എത്തിയ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് യഥാർത്ഥ കാരണം പുറത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുത്തലത്ത് റോഡിനോട് ചേർന്ന് പോകുന്ന പൈപ്പിനുള്ളിലേക്ക് ആൽ മരത്തിന്റെ വേരുകൾ കയറി വളർന്നിരിക്കുകയായിരുന്നു. പൈപ്പ് മുറിച്ച് പുറത്തെടുത്തപ്പോൾ പൈപ്പ് നിറഞ്ഞ് വളർന്ന കൂറ്റൻ വേര് കണ്ട് നാട്ടുകാരും അമ്പരന്നു. പൈപ്പുകൾ തമ്മിൽ കൂട്ടിച്ചേർക്കുന്ന ഭാഗത്തെ ചെറിയ വിടവിലൂടെ കയറിയ വേര് കാല ക്രമേണ വലുതായി, ഒടുവിൽ വെള്ളമൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തുന്ന നിലയിലായി. വേര് നീക്കം ചെയ്തതോടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു.