പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മരണത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും. കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം കിട്ടി. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനിൽക്കും. വനം  വകുപ്പ് ജീവനക്കാരെ പ്രതി ചേർ‍ക്കും. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് റാന്നി കോടതിയിൽ സമർപ്പിക്കും. 

മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ കുരുക്ക് മുറുകുകയാണ്. ഇന്ത്യൻ ശിക്ഷ നിയമം 304, 364 എ എന്നിവയാണ് വനപാലകർക്കെതിരെ ചുമത്തുന്ന പ്രധാന വകുപ്പുകൾ. മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ 75000 രൂപ നൽകിയാൽ കേസ് ഒഴിവാക്കാമെന്ന് പറഞ്ഞതായി ഭാര്യ ഷീബ മൊഴി നൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് 364 എ പ്രകാരം തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ടെന്ന വകുപ്പ് നിലനിൽക്കുക. 

ചട്ടം പാലിക്കാതെ കസ്റ്റഡിയിലെടുത്തതും തട്ടിക്കൊണ്ട് പോകലിന്‍റെ പരിധിയിൽ വരും. മനഃപൂർവമല്ലാത്ത നരഹത്യയെക്കാൾ ഗൗരവമുള്ളതാണ് 364 എ. ഇത് പ്രകാരം പ്രതികൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി തിരുത്തിയെന്നും മഹസറിൽ കൂട്ടിച്ചേർക്കൽ ഉണ്ടായെന്നും അന്വേഷണ സംഘം  കണ്ടെത്തിയ സാഹചര്യത്തിൽ തെളിവ് നശിപ്പിക്കൽ, വ്യാജ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും നിലനിൽക്കുമെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. 

പബ്ലിക് പ്രോസിക്യൂട്ടർ അടങ്ങുന്ന  അഭിഭാഷക സമിതിയാണ് ഉപദേശം നൽകിയത്. അന്വേഷണത്തിന്‍റെ ഏത് ഘട്ടത്തിലും പുതിയ വകുപ്പുകൾ ചേർക്കാനും ഒഴിവാക്കാനും പൊലീസിന് കഴിയും. നിയമോപദേശം അനുസരിച്ചുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയ ശേഷം പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകും. 

നിലവിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ഷീബയുടെ ഹർജിയിൽ പറയുന്നു. 

കഴിഞ്ഞ മാസം 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി.

മരണം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച നിലാപാടിലാണ് കുടുംബം.