പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്‍റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  മത്തായിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ സൂചനകളില്ല.  ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയക്കും. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. 

വനം വകുപ്പിന്‍റെ ഈ വാദങ്ങൾ ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്‍റെ സൂചനകളുമുണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമാകുകയാണ്. സംഭവത്തിൽ വനം വകുപ്പ് നിയോഗിച്ച ആഭ്യന്തര സംഘംത്തിന്‍റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കണമെന്നാണ് നിർദേശം. 

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി കിട്ടിയതിന് ശേഷമേ ആന്വേഷണ സംഘം റിപ്പോർട്ട് നൽകുകയുള്ളുവെന്നാണ് സൂചന.  അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വനപാലകരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയരായ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിലാണ്. ഇവരുടെ കഴിഞ്ഞ ദിവസങ്ങളിലെ മൊബൈൽ ഫോൺ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മത്തായിയുടെ മൃതദേഹം നാളെ സംസ്കരിക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.