എന്തുകൊണ്ട് ജെയ്ക്കിന്‍റെ പേര് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു എന്ന് വിശദീകരിക്കണം.പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്ന് ആഗ്രഹിച്ചത് തെളിയിക്കാൻ കഴിഞ്ഞുവെന്നും മാത്യു കുഴല്‍നാടന്‍
മൂവാറ്റുപുഴ: മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വ്യക്തമാക്കി. നോട്ടീസിന്റെ മറുപടിയിലൂടെ തന്‍റെ മകളുടെ കമ്പനിയുടെ മെന്‍ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. വീണ വിജയനെ വ്യക്തിയെന്ന നിലയിൽ അല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടർ എന്ന നിലയിലാണ് അന്ന് പരാമർശം നടത്തിയത്. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു .പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കുന്നു. ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ മുഴുവൻ വാദവും മുഖ്യമന്ത്രി അംഗീകരിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. കമ്പനിയുടെ മെന്‍റര്‍ എന്ന വിവരം മുഖ്യമന്ത്രി അംഗീകരിച്ച സ്ഥിതിക്ക് എന്തുകൊണ്ട് ജെയ്ക്കിന്‍റെ പേര് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തു എന്ന് വിശദീകരിക്കണം. ഈ വിവാദത്തിന് പിന്നാലെ പോകാൻ ഇനി ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്ന് ആഗ്രഹിച്ചത് തെളിയിക്കാൻ കഴിഞ്ഞു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു എന്നത് വിശദീകരിക്കണമെങ്കിൽ അവർക്ക് ആകാമെന്നും കുഴൽ നാടൻ പറഞ്ഞു.
ജയിക് ബാലകുമാർ മകളുടെ മെന്‍റര്‍ അല്ല മകളുടെ കമ്പനിയുടെ മെന്‍റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്‍റര്‍ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്‍റെ ആരോപണം. കമ്പനിയുടെ പഴയ ബാക് ഫയൽ അന്ന് പുറത്തു വിട്ടു വെല്ലു വിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.
മാത്യുവിന്റ അവകാശലംഘന നോട്ടിസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്പോൾ പരിഗണിച്ചു നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കി.മകളുടെ കമ്പനിയുടെ മെന്റർ ആണ് ജയിക്എന്ന് ആദ്യം സൈറ്റിൽ കാണിച്ചത് പിന്നീട് എന്തിനു മാറ്റി.പിഡ്ബള്യൂസി വഴിയാണ് സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ നിയമനം കിട്ടിയത് എന്നിരിക്കെ സ്വർണ്ണക്കടത്ത് വിവാദം കൊണ്ടാണോ സൈറ്റിലെ മാറ്റം?.നോട്ടീസ് തള്ളിയ നടപടി പ്രതിപക്ഷം ചോദ്യം ചെയ്യും എന്നുറപ്പാണ്
