തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായി കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും മാത്യു കുഴൽനാടൻ വ്യക്തമാക്കി. 

എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വരെ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചിട്ടുണ്ട്. അഭിമന്യുവിന് സിപിഎം നൽകിയ സമ്മാനമാണ് എസ്ഡിപിഐക്ക് ലഭിച്ച നൂറു സീറ്റുകൾ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെപിസിസി റിസർച്ച് വിഭാഗം നടത്തിയ  പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മാത്യു കുഴൽനാടൻ ഈ ആരോപണം ഉന്നയിച്ചത്. 

തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ വോട്ടുവിഹിതം വർധിച്ചിട്ടുണ്ട്. എൽഡിഎഫും ബിജെപിയും തമ്മിൽ സഖ്യധാരണയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പഠനറിപ്പോ‍ർട്ടെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് പാർട്ടി ഇല്ലാതായെന്ന പ്രചാരണത്തിന് ബിജെപിക്കൊപ്പം സിപിഎമ്മും നേതൃത്വം കൊടുക്കുന്നുണ്ടെന്നും കുഴൽനാടൻ ആരോപിച്ചു.