മാസപ്പടി കേസിലെ ഹൈക്കോടതി വിധി സർവാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം വാദങ്ങൾ ദുർബലമെന്ന് തെളിഞ്ഞു. തനിക്ക് തിരിച്ചടി നേരിട്ടപ്പോഴും കേസിൽ പിണറായി കുടുങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും മാത്യു കുഴൽനാടൻ

ഇടുക്കി: മാസപ്പടി കേസിലെ ഹൈക്കോടതി വിധി സർവാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം വാദങ്ങൾ ദുർബലമെന്ന് തെളിഞ്ഞു. തനിക്ക് തിരിച്ചടി നേരിട്ടപ്പോഴും കേസിൽ പിണറായി കുടുങ്ങുമെന്ന് പറഞ്ഞിരുന്നു. കേസിൽ സർക്കാരിന് തുറന്ന നിലപാട് ആണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

സർക്കാരും സിപിഎമ്മും പ്രതിരോധത്തിൽ

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺ​ഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്. കൂടാതെ, കർത്തയുടെ ഡയറിക്കുള്ളിൽ കോൺ​ഗ്രസ് നേതാക്കളുടെ പേരുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.

ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി

പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്ന ഉത്തരവിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. നിയമപരമായും രാഷ്ട്രീയപരമായും സിപിഎം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി എല്ലാം പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ബിജെപിയുടെ തല തൊട്ടപ്പന്മാരും ഉണ്ട്. അപ്പോൾ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

YouTube video player