മാസപ്പടി വിവാദം താൻ സഭയിൽ ഉന്നയിക്കുമെന്ന് മറ്റ് നേതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു കുഴൽനാടൻ പോയിന്റ് ബ്ലാങ്കിൽ വ്യക്തമാക്കി.
തിരുവനന്തപുരം: മാസപ്പടി വിവാദം താൻ സഭയിൽ ഉന്നയിക്കുമെന്ന് മറ്റ് നേതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു കുഴൽനാടൻ പോയിന്റ് ബ്ലാങ്കിൽ. കരിമണൽ കമ്പനിയിൽ നിന്നുള്ള സംഭാവന നേതാക്കൾ എതിർത്തിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ നിഷ്പക്ഷ ഇടപെടൽ വി മുരളീധരൻ ഉറപ്പ് നൽകണം. അങ്ങനെ എങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകാൻ തയ്യാറെന്നും മാത്യു കുഴൽനാടൻ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ സി പി എമ്മിനോട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. വീണയ്ക്കെതിരായ ആരോപണം പ്രതിരോധിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ രംഗത്തെത്തിയത് ചോദ്യം ചെയ്താണ് മാത്യൂ കുഴൽനാടൻ രംഗത്തെത്തിയത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദ കാലത്ത് മക്കളുടെ കാര്യത്തിൽ പാർട്ടി പ്രതിരോധിക്കാൻ ഇറങ്ങില്ലെന്ന് കോടിയേരിയെ കൊണ്ട് പറയിപ്പിച്ച പാർട്ടി വീണയ്ക്കെതിരായ വിവാദം വന്നപ്പോൾ പ്രതിരോധിക്കാൻ ഇറങ്ങിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
സി പി എം എന്ന പാർട്ടി ഭയക്കുന്നത് ഇന്ന് പിണറായിയെ മാത്രമാണെന്നും പൊളിറ്റ്ബ്യൂറോ അടക്കം എല്ലാവരും പിണറായിയെ ഭയക്കുന്നു എന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. ബിനിഷ് വിവാദത്തിൽ പ്രതിരോധത്തിന് ഇറങ്ങാത്ത സി പി എം വീണ വിവാദത്തിൽ പ്രതിരോധം തീർക്കുന്നത് പിണറായിയെ ഭയമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് പിണറായിയെ ഭയം ഇല്ലെന്നും മാത്യൂ, എ കെ ബാലന്‍റെ പരാമർശത്തിന് മറുപടിയും നൽകി.
ആരോപണം ഉയർന്ന പണം സുതാര്യമാണെങ്കിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ് സത്യവാങ്ങ്മൂലത്തിൽ ഈ തുക എന്തുകൊണ്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകന്‍റെയും മകളുടെയും സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഏതൊക്കെ കമ്പനികളുമായാണ് വീണയുടെ കമ്പനിക്ക് ബിസിനസ് ബന്ധം ഉള്ളത് എന്ന് വെളിപ്പെടുത്തണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
