ന്തരിച്ച യുവജന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജുവിനെ അനുസ്മരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. കാംപസ് കാലത്തെ പിണക്കങ്ങൾ നേരിൽ കണ്ടു പറഞ്ഞു തീർത്തു പരസ്പരം മനസിലെ മുറിവുണക്കാനായില്ലല്ലോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്യു കുഴൽനാടൻ പറയുന്നത്. 'ഞങ്ങൾ തമ്മിൽ പരസ്പരം ഉണ്ടായിട്ടുള്ള അപ്രിയമായ സംഭവങ്ങൾ എന്നിൽ കുറ്റബോധവും ചിലപ്പോഴെങ്കിലും മനസ്താപവും ഉണ്ടാക്കിയിട്ടുണ്ട്. 

സുഹൃത്ത് എം ലിജുവിനോട് ചില ഘട്ടങ്ങളിൽ ഞാനത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നെങ്കിലും ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകൾ പരസ്പരം മറക്കാൻ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്. ഇനി അത് സാധിക്കില്ല എന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത്..'- മാത്യു കുഴൽനാടൻ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം...

അസ്വസ്ഥമായ മനസ്സോടെ ആണ് ഇത് കുറിക്കുന്നത്..
 പി ബിജു എന്ന രാഷ്ട്രീയപ്രവർത്തകൻ അന്തരിച്ചു എന്ന് അവിശ്വസനീയമായ വാർത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നത്തെ ദിനം തുടങ്ങിയത്.. ഇപ്പോഴും അതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല.
 ജീവിതം എത്ര ചെറുതും നിസ്സാരവും ആണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നതു പോലെ.  ബിജുവിനെ ഞാൻ അറിയുന്നതും ബിജു എന്നെ അറിയുന്നതും എസ്എഫ്ഐ  കെ എസ് യു  നേതാക്കൾ എന്ന നിലയ്ക്കാണ്..
ലോ കോളേജിലെ എന്റെ കെഎസ്‌യു കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ഏറ്റവും ശക്തനായ എസ്എഫ്ഐ നേതാവായിരുന്നു ബിജു.. ഞങ്ങൾ തമ്മിൽ ഒരിക്കലും സൗഹൃദത്തിൽ ആയിരുന്നില്ല. മറിച്ച് ഞങ്ങൾ ശത്രുതയിലും സംഘടനത്തിലും ഏർപ്പെട്ടിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ അപക്വവും ചപലവും ആയ സ്വഭാവരീതികൾ ഞങ്ങൾ രണ്ടുപേരിലും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് ഏറ്റുമുട്ടലിലാണ് അവസാനിച്ചിട്ടുള്ളത്.
എന്നാൽ ഏറെ കാലങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും സംഘടനാരംഗത്ത് വളർന്ന് സംസ്ഥാന നേതാക്കളായപ്പോൾ ഒരിക്കൽ കണ്ടുമുട്ടി. പൊതുവേ ഗൗരവക്കാരനായ ബിജു, ഗൗരവം കൈ വിടാതെ തന്നെ പരിചയം മാത്രം അംഗീകരിച്ച് നടന്നുനീങ്ങി..  രണ്ടുപേരുടെയും മനസ്സിലെ മുറിവുകൾ പൂർണമായും ഉണങ്ങിയിരുന്നില്ല..
അസാമാന്യമായ ധൈര്യവും, അസാധാരണമായ നേതൃപാടവവും ഉണ്ടായിരുന്ന നേതാവായിരുന്നു ബിജു. ഉണ്ടായിരുന്ന ചെറിയ ശാരീരിക വൈകല്യത്തെ നിഷ്പ്രഭമാക്കിയാണ് ബിജു സംഘടനയുടെ പടവുകൾ ചവിട്ടിക്കയറിയത്. എതിർചേരിയിൽ നിൽക്കുമ്പോഴും ബിജുവിന്റെ  സംഘടനാ വളർച്ചയിൽ സന്തോഷം തോന്നിയിരുന്നു.
ഞങ്ങൾ തമ്മിൽ പരസ്പരം ഉണ്ടായിട്ടുള്ള അപ്രിയമായ സംഭവങ്ങൾ എന്നിൽ കുറ്റബോധവും ചിലപ്പോഴെങ്കിലും മനസ്താപവും ഉണ്ടാക്കിയിട്ടുണ്ട്. സുഹൃത്ത് എം ലിജുവിനോട് ചില ഘട്ടങ്ങളിൽ ഞാനത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നെങ്കിലും ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകൾ പരസ്പരം മറക്കാൻ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്. ഇനി അത് സാധിക്കില്ല എന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത്..
ജീവിതം വളരെ ചെറുതാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നതാണ് ബിജുവിന്റെ  വേർപാട്..
പ്രാർത്ഥനയോടെ ബിജുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..