വിഷയം സഭയിൽ ഉന്നയിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും മാത്യു കുഴൽനാടൻ ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകാത്തതിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ. നോട്ടീസ് നൽകിയിരുന്നെങ്കിൽ ഉറപ്പായും അവതരണാനുമതി നിഷേധിച്ചേനെ എന്നും കുഴൽനാടൻ പറഞ്ഞു. വിഷയത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായമില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. വിഷയം സഭയിൽ ഉന്നയിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും മാത്യു കുഴൽനാടൻ ന്യൂസ് അവറിൽ പറഞ്ഞു.
മാസപ്പടി വിവാദത്തിൽ നിന്ന് സാങ്കേതിക ന്യായം പറഞ്ഞ് നിയമസഭയിൽ നിന്ന് പിൻവാങ്ങിയ പ്രതിപക്ഷത്തെ വെട്ടിലാക്കിയായിരുന്നു മാത്യു കുഴൽനാടന്റെ ഒറ്റയാൾ നീക്കം. നെൽവയൽ നീര്‍ത്തട ഭേദഗതി ചര്‍ച്ചക്കിടെ വിവാദം സഭയിലെത്തിക്കാൻ ശ്രമിച്ച കഴൽനാടനെ സ്പീക്കര്‍ ഇടപെട്ട് തടഞ്ഞത് നാടകീയ മുഹൂര്‍ത്തങ്ങൾക്കും വാദ പ്രതിവാദങ്ങൾക്കും ഇടയാക്കി. പരാമര്‍ശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കം ചെയ്ത സ്പീക്കര്‍ മീഡിയ റൂമിൽ വാര്‍ത്താസമ്മേളനം നടത്താൻ പോലും മാത്യു കുഴൽനാടനെ അനുവദിച്ചില്ല.
കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും മുതിര്‍ന്ന നേതാക്കളുടെ പേര് മാസപ്പടിഡയറിയിൽ നിന്ന് വ്യക്തമായതോടെയാണ് തൊടുന്യായം പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ പിൻവാങ്ങിയതെങ്കിൽ അപ്രതീക്ഷിതമായിരുന്നു മാത്യു കുഴൽനാടന്‍റെ നീക്കം. സ്വജനപക്ഷപാതവും സ്വാധീനവും അഴിമതിയെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴെ സ്പീക്കറിടപെട്ടു. വിഷയം ഉന്നയിക്കുകയോ ആരോപണ വിധേയരുടെ പേര് പറയുകയോ ചെയ്യും മുൻപ് ബഹളമുണ്ടാക്കുന്നത് ആരെ പേടിച്ചെന്ന് കുഴൽനാടൻ തിരിച്ചടിച്ചു.
വിവാദ പരാമര്‍ശങ്ങൾ സഭാരേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. ഇടക്ക് ക്രമപ്രശ്നമുന്നയിച്ച് നിയമമന്ത്രി പി രാജീവ് എഴുന്നേറ്റു. ബഹളം വച്ച് യാഥാര്‍ത്ഥ്യങ്ങളെ മറയ്ക്കാനാകില്ലെന്നും ജനങ്ങൾക്ക് മുന്നിൽ മറുപടി പറയാതെ ഒളിച്ചോടാൻ അനുവദിക്കില്ലെന്നും കൂടി കുഴൽനാടൻ പറഞ്ഞതോടെ സ്പീക്കര്‍ ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കുകയായുന്നു. സഭാ രേഖയിൽ നിന്ന് നീക്കിയ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യരുതെന്നും റൂളിംഗ് ഉണ്ട്.
