സിപിഎമ്മിന് വിയര്‍പ്പിന്‍റെ വില അറിയില്ല,വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല,മറ്റെന്തും സഹിക്കും,സിപിഎമ്മിന്‍റെ ആരോപണങ്ങള്‍ തള്ളി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ .മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് മാറി നിൽക്കുകയും ഇല്ല.കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്.കള്ളപ്പണം വെളുപ്പിച്ചെന്നും വരുമാനം സുതാര്യമല്ലെന്നും സിപിഎം ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്.

രാജ്യദ്രോഹത്തിന്‍റെ പരിധിയിൽ ഉൾപ്പെട്ട കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുമ്പോൾ ഒരു സ്ഥാപനത്തെ ആകെ പ്രതിസന്ധിയിലാക്കി.അഭിഭാഷക സ്ഥാപനത്തെ പോലും സംശയത്തിന്‍റെ നിഴലിലാക്കി .അധ്വാനത്തിന്‍റെ വില അറിയാത്തത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ സിപിഎം നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.

2001 മുതൽ ഈ ദിവസം വരെ അഭിഭാഷക വൃത്തി വേണ്ടെന്ന് വച്ചിട്ടില്ല.രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന രീതിയാണ് സിപിഎം നേതാക്കള്‍ക്ക്.എന്ത് അധ്വാനിച്ചാണ് ജീവിക്കുന്നത് എന്ന് ആരോപണം ഉന്നയിക്കുന്നവർ പറയണം.വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല , മറ്റെന്തും സഹിക്കും.ആറ് വർഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്.വിദേശ പണം വന്നതെല്ലാം വൈറ്റ് മണിയാണ്.അഭിഭാഷക സ്ഥാപനത്തിന്‍റെ രേഖകൾ പരിശോധിക്കാൻ കുഴൽനാടന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.ഐസകിനെ പോലെ മിനിമം വിശ്വാസ്യതയുള്ള ആരെയും ഏൽപ്പിക്കാം.വീണയുടെ കമ്പനിയുടെ വരുമാന വിശദാംശങ്ങൾ പുറത്ത് വിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.


'വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനം എന്നതാണ്‌ എന്റെ നയം'
റിസോര്‍ട്ട് ആരോപണവും മാത്യു കുഴല്‍നാടന്‍ തള്ളി വൈറ്റ് മണി മാത്രം വാങ്ങാൻ തയ്യാറുള്ള വിൽപ്പനക്കാരനായത് കൊണ്ടാണ് അത്ര ചുരുങ്ങിയ വിലക്ക് ഭൂമി ഇടുക്കിയില്‍ കിട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു