Asianet News MalayalamAsianet News Malayalam

സിപിഎമ്മിന്‍റെ ചെങ്കോട്ടയായ മട്ടന്നൂരില്‍ കണ്ടത് കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയം: കെ സുധാകരന്‍

 മട്ടന്നൂ‌ർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. 

Mattannur Municipal Election Result 2022  kppcc president k sudhakaran happy about Election Result
Author
Mattannur, First Published Aug 22, 2022, 1:09 PM IST

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. 

ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത 7 സീറ്റുകൾ എന്ന് സുധാകരന്‍ പറഞ്ഞു. 

കേരളത്തെ ഇന്ത്യയുടെ "കോവിഡ് ഹബ്ബ് " ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്‍റെ മിന്നുന്ന പ്രകടനത്തിൽ   പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍  കെ സുധാകരന്‍ പറയുന്നു. 

മട്ടന്നൂരിൽ യുഡിഎഫ് പിടിച്ചെടുത്തത് 8 എൽഡിഎഫ് സീറ്റുകൾ, ശക്തി കേന്ദ്രങ്ങളിലും സിപിഎമ്മിന് തിരിച്ചടി

അതേ സമയം ഇന്ന് പ്രഖ്യാപിച്ച മട്ടന്നൂ‌ർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. 

നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് 7ഉം. 25 സീറ്റുകൾ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എൽഡിഎഫ് 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്. 

കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്.  35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios