യാത്രക്കാരനെ തിരിച്ചറിയാത്തതും ആ സമയം കേസെടുക്കാഞ്ഞതും ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കണ്ണൂര്‍: മാവേലി എക്സ്പ്രസിൽ (Maveli Express) പൊലീസ് മർദ്ദിച്ച് (Police Attack) അവശനാക്കി വടകര സ്റ്റേഷനിൽ ഇറക്കി വിട്ട യാത്രക്കാനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. യാത്രക്കാരനെ തിരിച്ചറിയാത്തതും ആ സമയം കേസെടുക്കാഞ്ഞതും ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം ബൂട്ടു കൊണ്ട് ചവിട്ടിയതിന് സസ്പെൻഷനിലായ എഎസ്ഐ എംസി പ്രമോദിനെതിരെ ഇനി വിശദ അന്വേഷണം നടക്കും.

ഞായറാഴ്ച രാത്രി വടകര സ്റ്റേഷനിൽ എഎസ്ഐ ചവിട്ടി ഇറക്കിയ യാത്രക്കാരൻ എവിടെ എന്ന ചോദ്യത്തിന് 48 മണിക്കൂറിന് ശേഷവും ഉത്തരമില്ല. ഇയാളെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടിരുന്നു എന്ന് മൊഴി കിട്ടിയിരുന്നെങ്കിലും ആളാരെന്ന് ഉറപ്പിക്കാനാകുന്നില്ല. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവികൾ പൊലീസ് പരിശോധിച്ചു. സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ കോഴിക്കോട് ജില്ലകളിൽൽ വ്യാപക അന്വേഷണവും നടത്തി. മർദ്ദനത്തിൽ അവശനായ ഇയാളുടെ ആരോഗ്യ നില സംബന്ധിച്ചും ആശങ്കയുണ്ട്. ബൂട്ടുകൊണ്ട് യാത്രക്കാരനെ നെഞ്ചിൽ ചവിട്ടിയതിന് സസ്പെൻഷനിലായ എഎസ്ഐ എംസി പ്രമോദിനെതിരെ ഇനി വിശദ അന്വേഷണം നടത്തും.

ട്രെയിനിൽ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇറക്കിവിട്ടതെന്നാണ് ഇയാളുടെ വാദം. എങ്കിൽ എന്ത് കൊണ്ട് വൈദ്യ പരിശോധന നടത്തുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല എന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയർത്തിയത്. ഇതിൽ വ്യക്തത വരാൻ എസ്ടു കംപാർട്ട്മെന്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി രേഖപ്പെടത്തും. അതേസമയം ട്രെയിന് അകത്തുണ്ടായ സുരക്ഷ വീഴ്ച സംബന്ധിച്ച് ആർപിഎഫും പാലക്കാട് ഡിവിഷനും അന്വേഷണം നടത്തും.