ആലപ്പുഴ: മാവേലിക്കര നഗരസഭ ഭരണം പിടിക്കാൻ സിപിഎം വിമതനെ ഒപ്പം നിർത്തുന്നതിനെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ തർക്കം. കാലുവാരിയുടെ പിന്തുണ വേണ്ടെന്ന് നിലപാടെടുത്ത മന്ത്രി ജി. സുധാകരനെ തള്ളി ഒരു വിഭാഗം നേതാക്കൾ അനുനയ നീക്കങ്ങൾ തുടരുകയാണ്. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സ്വതന്ത്രനായി ജയിച്ച കെവി ശ്രീകുമാർ.

ജില്ലയിലെ പ്രബലനായ മന്ത്രി ജി സുധാകരന്റെ നിലപാട് തള്ളിയാണ് സിപിഎമ്മിലെ ഒരു വിഭാഗം വിമതനായി ജയിച്ച ശ്രീകുമാറുമായി ചർച്ചകൾ തുടരുന്നത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ മുതൽ പ്രാദേശിക നേതാക്കൾ വരെ പിന്തുണ തേടി ശ്രീകുമാറിന്റെ വീട്ടിലെത്തുന്നു. മാവേലിക്കരയിലെ പ്രാദേശിക പാർട്ടി നേതൃത്വത്തിനും നഗരസഭ ഭരണം വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. വിമതനായി മത്സരിച്ചതിൻറെ പേരിൽ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ശ്രീകുമാറിനെ പുറത്താക്കിയപ്പോഴും പ്രാദേശിക സിപിഎം നേതൃത്വം അദ്ദേഹത്തിന് രഹസ്യ പിന്തുണ നൽകിയിരുന്നു.

ശ്രീകുമാറിനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ കടുത്ത പരാമർശങ്ങൾക്കെതിരെ ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ ശക്തമായ എതിർപ്പുണ്ട്. അഞ്ചു വർഷം ചെയർമാൻ സ്ഥാനം കിട്ടണമെന്നായിരുന്നു ശ്രീകുമാറിന്റെ ആദ്യ നിലപാട്. എന്നൽ ആദ്യ രണ്ടര വർഷമെന്ന സിപിഎം ഫോർമുല പോലും അനുനയ ചർച്ചയ്ക്കൊടുവിൽ ശ്രീകുമാർ സമ്മതിച്ചിരുന്നു. ഈ ചർച്ചകൾ എല്ലാം വഴി മുടക്കിയത് മന്ത്രി ജി സുധാകരന്റെ കടുത്ത പരാമർശങ്ങളാണ്. ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീകുമാറിന് മന്ത്രിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി ഉണ്ടായി. അവസരം മുതലെടുത്ത് യുഡിഎഫും ബിജെപിയും ഉപാധികളില്ലാതെ അധ്യക്ഷ സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി ശ്രീകുമാറിനെ സമീപിച്ചിരിക്കുകയാണ്. നാളെ സത്യപ്രതിജ്ഞയക്ക് ശേഷം പിന്തുണ ആർക്കെന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കെവി ശ്രീകുമാർ.