കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യ തീരുമാനമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ആര്യ ഇക്കാര്യം പറഞ്ഞത്. 

തിരുവനന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യ തീരുമാനമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ആര്യ ഇക്കാര്യം പറഞ്ഞത്. മന്ത്രി ആന്റണി രാജുവിന്റെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വെള്ളിയാഴ്ചയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. 

കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. 

'ചരിത്രപരമായ തീരുമാനം'; സഹോദരിക്ക് നീതി കിട്ടുന്നതിന്‍റെ ആദ്യപടിയെന്ന് വിസ്‍മയയുടെ സഹോദരന്‍

ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. 

വിസ്മയ കേസിൽ കിരൺ കുമാറിനെ പിരിച്ചു വിടാൻ അടിസ്ഥാനമായ 1960 ലെ ആ സിവിൽ സർവീസ് നിയമം എന്താണ്?

കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.

ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ പീഡിപ്പിച്ചു ആത്മഹത്യയിലേക്കു നയിച്ച കേസില്‍ പ്രതിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona