കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി എടുക്കുക. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി. ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 


മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വാക്കേറ്റമുണ്ടാകുന്നത്. മേയറും സംഘവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് എത്തിയത്. ഇതിനിടെ, ഡ്രൈവർ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയർ പരാതിപ്പെട്ടിരുന്നു. 

സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്ക് യദു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്. 

ഇന്നും അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അല‌ർട്ട്, പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തെരച്ചിൽ, അതിരപ്പള്ളി അടച്ചു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates