കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷനിൽ പുതിയ മേയറെ ഇന്ന് തെരഞ്ഞെടുക്കും.  ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് മേയർ തെരഞ്ഞെടുപ്പ്.  ഭരണം യുഡിഎഫ് പിടിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് സുമാ ബാലകൃഷ്ണനാണ് യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥി.  

ഇടത് മുന്നണിക്കായി മുൻ മേയർ ഇ പി ലത തന്നെയാണ് മത്സരിക്കുന്നത്.  പി കെ രാകേഷ് ഇടത് മുന്നണിക്ക് നൽകിയ പിന്തുണ പിൻവലിച്ച് യുഡിഎഫിനൊപ്പം ചേർന്നതോടെ യുഡിഎഫിന് നിലവിൽ 28 അംഗങ്ങളും ഭൂരിപക്ഷവുമുണ്ട്.  ഇടത് മുന്നണിക്കാകട്ടെ ഒരംഗം മരിച്ച ഒഴിവ് നിലനിൽക്കെ 26 പേരുടെ പിന്തുണയേ ഉള്ളൂ.

 ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരെ ഇടത് മുന്നണി കഴിഞ്ഞ ദിവസം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയും ചെയ്തിരുന്നു. സുമാ ബാലകൃഷ്ണനെ മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചതിന്‍റെ പേരിലായിരുന്നു മുൻപ് പി കെ രാകേഷ് ഇടഞ്ഞത്. എന്നാൽ ഇത്തവണ രാകേഷ് നിലപാട് തിരുത്തിയിട്ടുണ്ട്.  മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ലെങ്കിൽ സുമാ ബാലകൃഷ്ണൻ ഇന്ന് കണ്ണൂർ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെടും.