തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ മേയർ ഹെൽത്ത് സർക്കിൾ യോഗം വിളിച്ചു. ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ, യാത്ര വെട്ടിച്ചുരുക്കി മടങ്ങിയെത്തി.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്. കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. മഴക്കാലപൂർവ ശുചീകരണം കാര്യമായി നടന്നില്ലെന്നാണ് വിമർശനം. അതിനിടെ, വെള്ളക്കെട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ മേയർ ഹെൽത്ത് സർക്കിൾ യോഗം വിളിച്ചു. രാവിലെ 10 മണിക്കാണ് യോ​ഗം. ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ, യാത്ര വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെ തലസ്ഥാനത്ത് എത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂർ പെയ്ത മഴയിലാണ് നഗരത്തിൻ്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം വെള്ളക്കെട്ടിലമർന്നത്. ഇതോടെ ബസുകൾക്ക് പോലും പോകാൻ കഴിയാതെ വാഹന ഗതാഗതം സ്തംഭിച്ചു. റോഡിനരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും വലിയ ബുദ്ധിമുട്ട് നേരിട്ടു. ശുചീകരണ തൊഴിലാളികളും ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസുകാരും ചേർന്ന് മൂടിപ്പോയ ഡ്രെയിനേജ് ഹോളുകൾ വൃത്തിയാക്കി വെള്ളം ഒഴുക്കി വിടാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാലാവസ്ഥ കേന്ദ്രത്തിൻ്റെ റിപ്പോർട്ടുകൾ പ്രകാരം, ഒന്നര മണിക്കൂറിനിടെ പെയ്തത് 91 മില്ലിമീറ്റർ മഴ ആണ്.

ചാറ്റൽ മഴ വന്നാൽ പോലും ഓടകൾ നിറയുന്ന സാഹചര്യമാണെന്നും ഓടകൾക്ക് 100 സെൻ്റിമീറ്റ‍ർ പോലും താഴ്ചയില്ലെന്നും ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. അതിനിടെ, ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം കോ‍ർപറേഷൻ സമിതിക്കെതിരെ വിമ‍ർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. നഗരത്തിലെ വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ ബിജെപി ഭരിക്കുന്ന നഗരസഭയുടെ വികസിത തിരുവനന്തപുരം ബ്ലൂ പ്രിന്റ് എന്ന് മുൻ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റല്ല, ബ്ലും പ്രിന്റാണെന്നും ശിവൻകുട്ടി പരിഹസിച്ചു. മാലിന്യം വ്യത്തിയാക്കാൻ പൊലീസ് ഇറങ്ങേണ്ട അവസ്ഥ വന്നുവെന്നും കോർപറേഷന്റെ ജോലിയെന്താണെന്നും മുൻ മേയ‍ർ വി കെ പ്രശാന്ത് ചോദിച്ചു.

ഇൻഡോർ മാതൃക, ബ്ലൂ പ്രിൻ്റ് തുടങ്ങിയ സ്ഥിരം തള്ളുകൾ നിർത്തിയിട്ട് നഗരത്തിലെ ഓടകളും മറ്റും യഥാസമയം വൃത്തിയാക്കാൻ ശ്രമിക്കണമെന്ന് എൽഡിഎഫ് പാ‍ർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക് മേയറോട് ആവശ്യപ്പെട്ടു. ഇതാണോ ബിജെപിയുടെ വികസിത അനന്തപുരിയെന്ന് യുഡിഎഫ് പാ‍ർലമെൻ്ററി പാർട്ടി നേതാവ് കെ എസ് ശബരീനാഥൻ ചോദിച്ചു. വെള്ളക്കെട്ടിന്റെയും നാശനഷ്ടങ്ങളുടെയും മറ്റ് അസൗകര്യങ്ങളുടെയും പ്രധാന ഉത്തരവാദി ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനാണെന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.

YouTube video player