പുതിയ ആരോപണവുമായി മേയർ വിവി രാജേഷ്. സ്പെഷ്യൽ കൗൺസിൽ വിളിക്കണം എന്ന് ആവശ്യപ്പെട്ട് ഇടത് അ​ഗങ്ങൾ സമർപ്പിച്ച കത്തിലെ ഒപ്പുകളിൽ പൊരുത്തക്കേട് ഉണ്ടെന്നും ന​ഗരസഭ ഇക്കാര്യത്തിൽ പരാതി നൽകുമെന്നും വിവി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം: ന​ഗരസഭയിലെ ഇടത് അം​ഗങ്ങൾക്കെതിരെ പുതിയ ആരോപണവുമായി മേയർ വിവി രാജേഷ്. ഇടത് അ​ഗങ്ങൾ സമർപ്പിച്ച കത്തിലെ ഒപ്പുകളിൽ പൊരുത്തക്കേട് ഉണ്ടെന്നും ന​ഗരസഭ ഇക്കാര്യത്തിൽ പരാതി നൽകുമെന്നും വിവി രാജേഷ് പറഞ്ഞു. സ്പെഷ്യൽ കൗൺസിൽ വിളിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ കൗൺസിലർ എസ്പി ദീപക് കൃത്രിമം നടത്തിയെന്നാണ് പുതിയ ആരോപണം. ഇക്കാര്യത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും മേയർ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു.

വിഴിഞ്ഞം ഹാർബർ വാർഡിലെ ഭവന രഹിതർക്കായുള്ള ഫ്ലാറ്റിന്റെ നിർമാണത്തിൽ അഴിമതി നടന്നെന്നും വിവി രാജേഷ് ആരോപിച്ചു. ഫ്ലാറ്റ് കൈമാറി 6 വർഷം കഴിഞ്ഞപ്പോൾ തന്നെ ഫ്ലാറ്റ് പൊളിഞ്ഞു തുടങ്ങി. തിരുവനന്തപുരം എൻജിനീയറിങ് കോളജിനോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നും ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റിന്റെ നിർമ്മാണത്തിൽ അഴിമതി ഉണ്ടായി എന്നാണ് വിലയിരുത്തലെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.